തിരുവല്ലത്തെ വൃദ്ധയുടെ കൊലപാതകം: ബിരുദ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

വണ്ടിത്തടം പാലപ്പൂര്‍ റോഡ് യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം
തിരുവല്ലത്തെ വൃദ്ധയുടെ കൊലപാതകം: ബിരുദ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് ജാന്‍ ബീവി എന്ന വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാന്‍ ബീവിയുടെ സഹായി ആയ സ്ത്രീയുടെ കൊച്ചുമകന്‍ അലക്സ് ആണ് അറസ്റ്റിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അലക്സ്.

വണ്ടിത്തടം പാലപ്പൂര്‍ റോഡ് യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. കവര്‍ച്ച ലക്ഷ്യമിട്ടാണ് അലക്‌സ് എത്തിയത്. എതിര്‍ത്തപ്പോള്‍ ജാന്‍ബീവിയുടെ തല ചുവരില്‍ ഇടിപ്പിച്ചു. നിലത്തിട്ട് കൈകള്‍ പിന്നില്‍ കൂട്ടിപ്പിടിച്ച ശേഷം വളയും മോഷ്ടിച്ചു. മോഷ്ടിച്ച സ്വര്‍ണവും സ്വര്‍ണം വിറ്റ പണവും പൊലീസ് കണ്ടെടുത്തു.

സമീപത്തെ ഒരു ട്യൂട്ടോറിയല്‍ കോളേജ് കെട്ടിടത്തില്‍ നിന്നാണ് തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തത്.

ജാന്‍ ബിവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്‌സ്. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്‌സ് കൊലപാതകം നടത്തിയത്.

മൂന്ന് ദിവസം മുമ്പാണ് ജാന്‍ ബീവിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ ജാന്‍ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ശക്തമായ പ്രഹരമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പെടെ കൊലപാതകം നടന്ന സ്ഥലത്ത് വിശദ പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com