വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു
Crime

വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു

ഒമാന്‍ - കരിപ്പൂർ വിമാനത്തില്‍ വച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്

Thasneem

കോഴിക്കോട്: കോവിഡ് കാലത്തെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ട സ്‌ത്രീക്ക് നേരെ വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം. ഒമാന്‍ - കരിപ്പൂർ വിമാനത്തില്‍ വച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദറിനെതിരെ കേസെടുത്തു. സെക്ഷന്‍ 354 പ്രകാരമാണ് അബ്ദുള്‍ ഖാദറിനെതിരെ പോലീസ് കേസെടുത്തത്.

മലപ്പുറം എസ്പിക്ക് ലഭിച്ച പരാതി കരിപ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു. അബ്ദുള്‍ ഖാദറിനെതിരെ ബലാത്സംഗശ്രമത്തിനാണ് കേസ്. വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന ഇയാള്‍ അപമര്യാദയായി പെരുമാറി യുവതിയുടെ എന്നാണ് പരാതി.

ഇന്നലെ രാത്രി മസ്കറ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. യാത്ര തുടങ്ങിയ ശേഷം ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ അബ്ദുള്‍ ഖാദര്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനമിറങ്ങിയ ഉടന്‍ യുവതിയുടെ ഭര്‍ത്താവ് ഇമെയിലില്‍ പരാതി അയച്ചെങ്കിലും അത് പോലീസിന് ലഭിച്ചിരുന്നില്ല.

നാട്ടിൽ വിമാനമിറങ്ങിയതോടെ ക്വാറന്റീനിലായ യുവതിക്ക് പോലീസ് സ്റ്റേഷനിലെത്തി പരാതി നേരിട്ട് നൽകാൻ സാധിച്ചിരുന്നില്ല. ഇമെയിലില്‍ അയച്ച പരാതി കിട്ടാത്തതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കരിപ്പൂര്‍ പോലീസ് അറിയിച്ചു.

അതേസമയം, പോലീസ് കേസെടുത്ത പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദറും ക്വാറന്റൈനിലാണ് ഉള്ളത്. അതിനാൽ ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയില്ല.

Anweshanam
www.anweshanam.com