ഓപ്പറേഷന്‍ പി-ഹണ്ട്: സംസ്ഥാനത്താകെ 47 പേര്‍ അറസ്റ്റില്‍; 89 കേസുകള്‍
Crime

ഓപ്പറേഷന്‍ പി-ഹണ്ട്: സംസ്ഥാനത്താകെ 47 പേര്‍ അറസ്റ്റില്‍; 89 കേസുകള്‍

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്

By M Salavudheen

Published on :

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

89 കേസുകൾ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് 143 ഇലക്ട്രോണിക് ഉപകരണങ്ങള്‍ റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 15 പേരാണ് മലപ്പുറം ജില്ലയിൽ മാത്രം കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പങ്കുവെച്ചതിനും പ്രചരിപ്പിച്ചതിനും പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

Anweshanam
www.anweshanam.com