കോവിഡ് പ്രതിരോധം: 88.98 ശതമാനം രോഗമുക്തി നിരക്കുമായി ബിഹാര്‍ മുന്നില്‍

കോവിഡ് വ്യാപനവും മരണവും ഏറ്റവും കുറവ് ബിഹാറിലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു
കോവിഡ് പ്രതിരോധം: 88.98 ശതമാനം രോഗമുക്തി നിരക്കുമായി ബിഹാര്‍ മുന്നില്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ ബീഹാര്‍ മുന്നിലെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനവും മരണവും ഏറ്റവും കുറവ് ബിഹാറിലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.

പത്തുലക്ഷത്തില്‍ ആറ് മരണങ്ങള്‍ (ഡെത്ത് പെര്‍ മില്യണ്‍) മാത്രമാണ് ബിഹാറില്‍ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. ഡെത്ത് പെര്‍ മില്യണ്‍ 10 രേഖപ്പെടുത്തിയ കേരളവും അസമുമാണ് ഇക്കാര്യത്തില്‍ ബിഹാറിന് തൊട്ടുപിന്നിലുള്ളത്.

ബിഹാറിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്രയെണ്ണം പോസിറ്റീവാകുന്നു എന്നതിന്റെ നിരക്ക്) 0.9 ശതമാനം മാത്രമാണ്. ഗുജറാത്ത് (1.8 ശതമാനം) ഉത്തര്‍പ്രദേശ് (4.3 ശതമാനം) എന്നിവയാണ് സെപ്റ്റംബര്‍ എട്ടിലെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ കാര്യത്തില്‍ ബിഹാറിന് തൊട്ടുപിന്നില്‍.

കോവിഡ് കേസുകളുടെ വളര്‍ച്ചാ നിരക്കും ബിഹാറില്‍ കുറവാണ്. 1.3 ശതമാനം മാത്രം. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലേതിന് തുല്യമായ നിരക്കാണിത്. എന്നാല്‍ 2.14 ശതമാനമാണ് ദേശീയ ശരാശരി.

കഴിഞ്ഞ തിങ്കളാഴ്ച 1,53,156 ടെസ്റ്റുകളാണ് ബിഹാറില്‍ നടന്നത്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. രോഗമുക്തി നിരക്കിന്റെ കാര്യത്തില്‍ ദേശീയ ശരാശരി 77.65 ശതമാനം ആണെന്നിരിക്കെ 88.98 ശതമാനമാണ് ബിഹാറിലെ രോഗമുക്തി നിരക്കെന്നും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com