ആദ്യം കോവിഡ് മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന  

വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂമോണിയ കേസുകളെ പറ്റിയുള്ള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു.
ആദ്യം കോവിഡ് മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന  

ജനീവ: കോവിഡ് വ്യാപനം ലോകത്ത് തുടങ്ങിയ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ നിന്നാണ് മുന്നറിയിപ്പ് വന്നതെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ്-19 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂമോണിയ കേസുകളെ പറ്റിയുള്ള മുന്നറിയിപ്പാണ് ഓഫീസ് നല്‍കിയത്.

ഏപ്രില്‍ ഒമ്പതിന് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനത്തിനെതിരെ എടുത്ത പ്രാരംഭ നടപടികളുടെ ടൈം ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സമയം വെച്ച് നോക്കുകയാണെങ്കില്‍ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ മേഖലയില്‍ 31 ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് പറയുന്നത്. ആരാണിത് ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ഇതില്‍ പറയുന്നില്ല.

ഏപ്രില്‍ 20 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥാനം നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ ആദ്യ കേസ് വന്നത് ചൈനയില്‍ നിന്നാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ കേസ് ചൈനീസ് അധികൃതരാണോ റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ ഈ ആഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്ന ടൈം ലൈന്‍ പ്രകാരം ചൈനയിലെ ലോകാരോഗ്യ സംഘടന ഓഫീസ് ഡിസംബര്‍ 31 ന് ഒരു വൈറല്‍ ന്യൂമോണിയ കേസുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയം അറിയിച്ചെന്ന് സൂചിപ്പിക്കുന്നു. ഇതേ ദിവസം തന്നെ യു.എസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എപ്പിഡെമോളജിക്കല്‍ നിരീക്ഷണ ശൃംഖലയായ പ്രോ മെഡ് വുഹാനിലെ അജ്ഞാത കാരണങ്ങളാല്‍ പടരുന്ന ന്യൂമോണിയയെക്കുറിച്ച് വിവരം പുറത്തുവിട്ടിരുന്നതും ലോകാരോഗ്യ സംഘടന പരിഗണിച്ചിരുന്നു.

ഇതിനു ശേഷമാണ് ജനുവരി 1, 2 തിയ്യതികളിലായി ലോകാരോഗ്യ സംഘടന ചൈനീസ് അധികൃതരോട് ഈ രോഗബാധയെ പറ്റിയുള്ള വിവരങ്ങള്‍ തേടുന്നത്. ജനുവരി 3 നാണ് ഇവര്‍ വിവരം കൈമാറിയത്. ചൈനീസ് അധികൃതര്‍ തങ്ങള്‍ വിവരങ്ങള്‍ തേടിയതിനു പിന്നാലെ പെട്ടന്നു തന്നെ ഇവ കൈമാറിയെന്നാണ് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി ഡയറക്ടര്‍, മൈക്കല്‍ റയാന്‍ വെള്ളിയാഴ്ച പറഞ്ഞത്. ഇത്തരത്തില്‍ വിവരങ്ങള്‍ ഔദ്യോഗികമായി പരിശോധിച്ച് നല്‍കാന്‍ 24-48 മണിക്കൂര്‍ സമയപരിധി രാജ്യങ്ങള്‍ക്കുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com