തിരൂരിൽ മത്സ്യ മാർക്കറ്റ് അടച്ചു; ഗൾഫ് - പച്ചക്കറി മാർക്കറ്റുകളിൽ കടുത്ത നിയന്ത്രണം

സമീപത്തായുള്ള ഗൾഫ് - പച്ചക്കറി മാർക്കറ്റുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
തിരൂരിൽ മത്സ്യ മാർക്കറ്റ് അടച്ചു; ഗൾഫ് - പച്ചക്കറി മാർക്കറ്റുകളിൽ കടുത്ത നിയന്ത്രണം

മലപ്പുറം: നിരന്തര ആരോഗ്യ ജാഗ്രതാ ലംഘനത്തെതുടർന്ന് തിരൂരിലെ മത്സ്യമാർക്കറ്റ് മൊത്തവ്യാപാരം തൽക്കാലത്തേക്ക് നിർത്തി വെപ്പിച്ചു. ഇതിന്റെ സമീപത്തായുള്ള ഗൾഫ് - പച്ചക്കറി മാർക്കറ്റുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. തിരൂർ നഗരസഭ സെക്രട്ടറി എസ്. ബിജു ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

ലോക്ക് ടൗണിൽ പൂർണമായി അടച്ചിട്ട മാർക്കറ്റ്, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിപണനം നടത്താമെന്ന കലക്ടറുടെ മെയ് 12 ന് ഇറങ്ങിയ ഉത്തരവ് പ്രകാരമാണ് അടച്ചിട്ട മത്സ്യമാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്. എന്നാൽ, കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തതിന്‍റെ പേരിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്ന് സെക്രട്ടറി പറഞ്ഞു.

സമീപ പ്രദേശങ്ങളിലെ മത്സ്യ മാർക്കറ്റുകൾ അടച്ചപ്പോൾ അന്തർ സംസ്ഥാനത്ത് നിന്നുൾപ്പെടെയുളളവർ തിരൂർ മാർക്കറ്റിലെത്തുന്നത് വർധിച്ചിരുന്നു. മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി. പരിശോധന ഫലം വന്നതിനുശേഷം തുടർനടപടി സ്വീകരിക്കും. ഗൾഫ് മാർക്കറ്റിലും നിയന്ത്രണമുണ്ട്.

രാവിലെ പത്തു മുതൽ വൈകീട്ട് ആറു വരെയാണ് കടകൾ തുറക്കാൻ അനുമതി. സാനിറ്റൈസർ കടകളിൽ നിർബന്ധമാക്കും. ഒരേ സമയം അഞ്ച് പേരിൽ കൂടുതലാളുകൾക്ക് കടയിൽ പ്രവേശനമുണ്ടായിരിക്കില്ല. നിയമം ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി. പച്ചക്കറി മാർക്കറ്റിൽ തിരക്ക് കുറവാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ ഗൾഫ് മാർക്കറ്റും പച്ചക്കറി മാർക്കറ്റും അടച്ചിടുമെന്നും സെക്രട്ടറി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com