കോവിഡ് വാക്സിൻ വിതരണം തുടങ്ങുന്നു

ആദ്യ ബാച്ച് ലണ്ടനിലെ ആശുപത്രിയിൽ അടുത്ത ആഴ്ചയെത്തും.
കോവിഡ് വാക്സിൻ വിതരണം തുടങ്ങുന്നു

ലണ്ടൻ: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ വിതരണത്തിന് തയ്യറായതായി റിപ്പോര്‍ട്ട്. വാക്സിൻ അടുത്ത മാസം ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ മുൻനിര ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ സൺ പത്രം റിപ്പോര്‍ട്ട് ചെയ്തു. വാ‍ർത്ത ഏജൻസിയായ റോയിട്ടേഴ്സും ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.

വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആശുപത്രിക്ക് നിര്‍ദേശം കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. മരുന്ന് കമ്പനിയായ ആസ്ട്ര സെനകയുമായി ചേര്‍ന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല കൊവിഡ് വാക്സിൻ വികസിപ്പിച്ചത്. ലണ്ടനിലെ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ജോ‍ർജ് ഏലിയറ്റ് ആശുപത്രിക്കാണ് കോവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങാനുള്ള നി‍ർദേശം ലഭിച്ചിരിക്കുന്നത്.

ആശുപത്രിയിലെ ആരോ​ഗ്യപ്രവ‍ർത്തകരാവും കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക. അടുത്ത ആഴ്ചയോടെ വിതരണത്തിനുള്ള കോവിഡ് വാക്സിൻ ആശുപത്രിയിൽ എത്തിക്കും എന്നാണ് സൂചന. ആ​ഗോളതലത്തിൽ തന്നെ കോവിഡ് വാക്സിൻ വിതരണം നടത്തുന്ന ആദ്യ ആശുപത്രികളിലൊന്നാവാൻ പോകുന്ന ജോ‍ർജ് ഏലിയറ്റ് ആശുപത്രിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ അണിയറയിൽ ച‍ർച്ചകൾ പുരോ​ഗമിക്കുകയാണെന്നാണ് സൂചന.

ലണ്ടൻ പൊലീസിൻ്റേയും സൈന്യത്തിൻ്റേയും സേവനം ഇതിനായി ഉപയോ​ഗിച്ചേക്കും. ലോകം കാത്തിരിക്കുന്ന കോവിഡ് വാക്സിനുകളുടെ സുരക്ഷ ഉറപ്പാക്കാനും വാക്സിൻ വിരുദ്ധരിൽ നിന്നും പ്രതിഷേധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ആശുപത്രിക്ക് സുരക്ഷ ശക്തമാക്കാൻ അധികൃത‍ർ തീരുമാനിച്ചത്.

നവംബ‍ർ രണ്ട് മുതൽ വാക്സിൻ വിതരണം നടക്കുന്ന രീതിയിൽ തയ്യാറെപ്പുകൾ നടത്താനാണ് ആശുപത്രിക്ക് കിട്ടിയ നി‍ര്‍ദ്ദേശം. ആറ് മാസം കൊണ്ട് മുഴുവൻ പൗരൻമാ‍ർക്കും വാക്സിൻ നൽകാനുള്ള പദ്ധതി നേരത്തെ തന്നെ ബ്രിട്ടീഷ് സ‍ർക്കാ‍ർ തയ്യറാക്കിയിരുന്നു. നവംബ‍ർ അവസാനത്തോടെയോ ഡിസംബ‍ർ ആദ്യ വാരത്തോടെയോ കോവിഡ് വാക്സിൻ സുരക്ഷിതമാണോ എന്ന് വ്യക്തമാകുമെന്ന് വൈറ്റ് ഹൗസ് ആരോ​ഗ്യവിദ​ഗ്ദ്ധൻ ആൻ്റണി ഫൗസി വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com