കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍
coronavirus

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍

മരണ നിരക്ക് കുറയ്ക്കുമെന്നും പുതിയ പഠനം

News Desk

News Desk

ജനീവ: സ്റ്റിറോയിഡുകള്‍ കോവിഡ് രോഗികളില്‍ ഫലപ്രദമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടന നടത്തിയ ഏഴ് പഠനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തല്‍. പ്ലാസ്മ തെറാപ്പിയെക്കാള്‍ ഫലപ്രദമാണ് സ്റ്റിറോയിഡുകളുടെ ഉപയോഗമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.

സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ ലോകവ്യാപകമായി വാക്‌സിനുകള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് പുതിയ കണ്ടെത്തല്‍.

സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിതുറക്കുകയാണെന്ന് ഒരു പഠനത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോക്ടര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രേയ് പറഞ്ഞു. ‘ഈ കണ്ടെത്തല്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിതുറക്കുന്നുണ്ട്. മരുന്നുകളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതല്‍ അവസരങ്ങള്‍ക്കുള്ള സാധ്യതയുമുണ്ട്,’ മാര്‍ട്ടിന്‍ പറഞ്ഞു.

സ്റ്റിറോയിഡുകള്‍ അധികം ചെലവ് വരുന്നതല്ല. അതേസമയം ദശാബ്ദങ്ങളായി ലഭിക്കുന്നതുമാണ്. ഇത് ഉള്ളിലെത്തിയാല്‍ അണുബാധയെ ചെറുക്കുന്നതിന് രോഗപ്രതിരോധ ശേഷി അമിതമായി പ്രതിവര്‍ത്തിക്കും. ഈ അമിത പ്രതികരണം ചിലപ്പോള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനും ഇടയുണ്ട്. രോഗം ഗുരുതരമല്ലാത്ത സാഹചര്യത്തില്‍ ഇത് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും പഠനത്തില്‍ പറയുന്നു.

കായിക മേഖലയില്‍ ഉപയോഗിക്കുന്ന ഉത്തേജക മരുന്നുകളുടെ ഗണത്തില്‍പ്പെടുന്നവയല്ല ഈ സ്റ്റിറോയിഡുകളെന്നും എന്നും പഠനത്തില്‍ എടുത്ത് പറയുന്നു. ജൂണില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ഡെക്‌സാമെതസോണ്‍ എന്ന സ്റ്റിറോയിഡ് മരണ നിരക്ക് 35 ശതമാനത്തോളം കുറച്ചതായി കണ്ടെത്തിയിരുന്നു.

സ്റ്റിറോയിഡ് നല്‍കി പരീക്ഷിച്ച 678 പേരില്‍ 222 പേരാണ് മരിച്ചത്. കോവിഡ് സാരമായി ബാധിച്ച രോഗികളില്‍ സ്റ്റിറോയിഡ് മരുന്നുകള്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളില്‍ അത് ഉപയോഗിക്കേണ്ടതില്ലെന്നും സംഘടന വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com