റഷ്യയുടെ കോവിഡ് വാക്‌സിന്‍; പാര്‍ശ്വഫലമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് എയിംസ് ഡയറക്ടര്‍
coronavirus

റഷ്യയുടെ കോവിഡ് വാക്‌സിന്‍; പാര്‍ശ്വഫലമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് എയിംസ് ഡയറക്ടര്‍

കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന.

News Desk

News Desk

ന്യൂ ഡല്‍ഹി: റഷ്യ വികസിപ്പിച്ചെന്നവകാശപ്പെടുന്ന കോവിഡ് വാക്സിനിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടനയും നിലപാടെടുത്തിട്ടുണ്ട്.

റഷ്യയുടെ വാക്‌സിന്‍ വിജയകരമാണെങ്കിലും ഇതിന്റെ സുരക്ഷിതത്വം ഫലപ്രാപ്തിയും പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല വാക്‌സിന്‍ ഏതെങ്കിലും രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നും നോക്കേണ്ടതായുണ്ട്. വാക്‌സില്‍ പ്രതീക്ഷിച്ച സുരക്ഷ നല്‍കുന്നുണ്ടോയെന്നും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. ഇന്ത്യയെ സംബന്ധിച്ച് വാക്‌സിന് നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്നും ഗുലേറിയ പറഞ്ഞു.

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാതെ വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ അന്തരാഷ്ട്ര ഏജന്‍സികളും വിദഗ്ധരും അടക്കം രംഗത്തെത്തിയിട്ടുണ്ട്. ധൃതിയല്ല ആവശ്യമെന്നും നടപടി ക്രമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിലായിരിക്കണം ശ്രദ്ധവേണ്ടതെന്ന് ലോകാരോഗ്യ സംഘടന റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യയിലെ ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച് പറഞ്ഞു.’എല്ലാ വാക്സിനുകളുടേയും ഫലവും സുരക്ഷയും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തേണ്ടതുണ്ട്.’, തരീക് പറഞ്ഞു.

നേരത്തെ കോവിഡിനെതിരായി ലോകത്തിലെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനാണ് കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പുട്നിക് 5 എന്നാണ് വാക്സിന് റഷ്യ പേര് നല്‍കിയിരിക്കുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസേര്‍ച്ച് ഇന്ഡസ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

Anweshanam
www.anweshanam.com