തടവറകളിലെ വൈറസ് വ്യാപനം; ആവലാതികളുമായി കുടുംബാംഗങ്ങള്‍ 

ജയിലില്‍ കഴിയുന്ന പിതാവിന്‍റെ ആരോഗ്യത്തില്‍ ആശങ്കയുമായി അൽതാഫ് അഹ്മദ് ഷായുടെ മകള്‍
തടവറകളിലെ വൈറസ് വ്യാപനം; ആവലാതികളുമായി കുടുംബാംഗങ്ങള്‍ 

ശ്രീനഗര്‍: കോവിഡ് 19 മഹാമാരി ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജനനിബിഡമായ ഇന്ത്യന്‍ തടവറകളിലെ പരിതാപകരമായ അവസ്ഥകള്‍ പല തവണ ചര്‍ച്ചാവിഷയമായിട്ടുണ്ട്. വൈറസ് വ്യാപനത്തിന് ഏറെ സാധ്യതയുള്ള, സാമൂഹിക അകലമെന്ന ആശയം വിദൂരമായ ജയിലറകളില്‍ കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ ഉയരുന്നത് ആശങ്കാജനകം തന്നെയാണ്. ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരില്‍ സമയാസമയം വൈദ്യ പരിശോധന നടത്തുന്നതായും, വൈറസ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതായും ജയിലധികൃതര്‍ വാദിക്കുമ്പോള്‍ കഴിഞ്ഞ ദിവസം ഒരു തടവുപുള്ളിയില്‍ മരണാനന്തരം കോവിഡ് സ്ഥിരീകരിച്ചത് പോലുള്ള സംഭവങ്ങള്‍ വ്യാകുലതകള്‍ സൃഷ്ടിക്കുന്നു.

വൈറസ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യന്‍ തടവറകളില്‍ നിന്ന് പ്രതികളെ വിട്ടയച്ചപ്പോള്‍ രാഷ്ട്രീയ തടവുകാര്‍ക്കും, വിചാരണതടവുകാര്‍ക്കും മാത്രമായിരുന്നു നിതീനിഷേധിക്കപ്പെട്ടത്. ആ പട്ടികയില്‍പെടുന്ന ഒരാളാണ് അൽതാഫ് അഹ്മദ് ഷാ എന്ന 63കാരന്‍.

അൽതാഫ് അഹ്മദ് ഷാ
അൽതാഫ് അഹ്മദ് ഷാ

2017 ജൂലൈയില്‍ അറസ്റ്റിലായ ഇദ്ദേഹം ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയമായ തീഹാര്‍ ജയിലില്‍ കഴിയുന്നത് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടല്ല. പകരം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചിന്താഗതികള്‍ ഭരണകൂടത്തിന്‍റെ പ്രഖ്യാപിത അജണ്ടകള്‍ക്ക് വിരുദ്ധമായതിനാലാണ്. മൂന്ന് പതിറ്റാണ്ടിലേറെ കശ്മീർ വിഘടനവാദ രാഷ്ട്രീയത്തിന്‍റെ മുഖമായിരുന്ന സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനായ അൽതാഫ് അഹ്മദ് ഷാ, ഗീലാനി നയിച്ചിരുന്ന ഹുർറിയത് കോൺഫറൻസിലെ അംഗമായിരുന്നു.

സയ്യിദ് അലി ഷാ ഗീലാനി
സയ്യിദ് അലി ഷാ ഗീലാനി

ജീവിത ശൈലീ രോഗങ്ങളും, വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളുമുള്ള തന്‍റെ പിതാവ് ഈ കോവിഡ് കാലത്ത് ജയിലില്‍ കഴിയുന്നതിലുള്ള ആശങ്ക പങ്കുവച്ചുകൊണ്ട് അഹ്മദ് ഷായുടെ മകളും മാധ്യമവിദ്യാര്‍ത്ഥിയുമായ റുവ ഷാ, അന്തര്‍ദേശീയ മാധ്യമമായ അല്‍-ജസീറയ്ക്കു വേണ്ടി എഴുതിയിട്ടുണ്ട്. ഈ കുറിപ്പില്‍ ജയില്‍ സന്ദര്‍ശന വേളയില്‍ അവര്‍ കണ്ട വൃത്തിഹീനമായ ജയില്‍ പരിസരങ്ങളെ കുറിച്ചും വിവരിക്കുന്നു.

തിഹാർ ജയിൽ സമുച്ചയത്തിൽ 16 ഓളം ജയിലുകളാണുള്ളത്. ഇതില്‍ 17,000 തടവുകാരുമുണ്ട്. അല്‍ത്താഫ് അഹ്മദ് ഷായടക്കം മിക്ക രാഷ്ട്രീയ തടവുകാരും ഹൈ റിസ്ക് സെക്യൂരിറ്റി വാർഡിലാണ് കഴിയുന്നത്. പൊതു വാര്‍ഡുകളെ അപേക്ഷിച്ച് സെക്യൂരിറ്റി വാർഡുകളില്‍ സന്ദർശനം വളരെ പരിമിതമാണ്. എലികളും, പ്രാണികളും, അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളുമൊക്കെയായി ജയില്‍ പരിസരം വളരെ വൃത്തിഹീനമാണെന്ന് തന്‍റെ സന്ദര്‍ശന വേളകളെ ഓര്‍ത്തെടുത്ത് റുവ പറയുന്നു.

റുവ ഷാ
റുവ ഷാ

"തടവറയിലെ പരിതാപകരമായ അവസ്ഥ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സാരമായി ബാധിച്ചതു കണ്ട്, എന്തിനാണ് ഇത്തരമൊരു ദുരിത ജീവിതം തിരഞ്ഞെടുത്തതെന്ന് ഞാന്‍ അദ്ദേഹത്തോട് ഒരിക്കല്‍ ചോദിക്കുകയുണ്ടായി, അഫ്സൽ ഗുരുവിനെയും മുഹമ്മദ് മക്ബൂൽ ഭട്ടിനെയും തൂക്കിക്കൊല്ലുകയും അടക്കം ചെയ്യുകയും ചെയ്ത അതേ ജയിലിലാണ് ഞാൻ കഴിയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി" റുവ കുറിച്ചു.

ഫെബ്രുവരി 21ാം തീയതിയാണ് അവര്‍ അവസാനമായി പിതാവിനെ സന്ദര്‍ശിക്കുന്നത്. കോവിഡ് ഭീതിയില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

"തടവുകാർക്ക് ഇന്ത്യയിൽ വേണ്ടത്ര ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ല എന്നതാണ് പിതാവിനെക്കുറിച്ചുള്ള എന്റെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നത്. കടുത്ത ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കപ്പെട്ടതിനാല്‍ ദുരിതമനുഭവിക്കുന്ന കാശ്മീരി തടവുകാര്‍ ഏറെയാണ്," റുവ പറയുന്നു. "ഇന്ത്യയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കശ്മീരില്‍ നിന്നുള്ള രാഷ്ട്രീയ തടവുകാരുടെ കുടുംബാംഗങ്ങള്‍ ഉത്കണ്ഡാകുലരാണ്. പ്രിയപ്പെട്ടവരെ വീണ്ടും കാണാനാവില്ലെന്ന് ഞങ്ങൾ എല്ലാവരും ഭയപ്പെടുന്നു," അവര്‍ കൂട്ടിച്ചേര്‍ത്തു.

തിഹാർ ജയിലിൽ ആദ്യത്തെ കോവിഡ് കേസ് മെയ് അവസാനത്തോടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടുതല്‍ പേരില്‍ വൈറസ് സ്ഥിരീകരിച്ചതായുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.

വൈറസ് വ്യാപനം ഭീതിതമായ സാഹചര്യത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് മാസത്തോടെ ജയിലുകളില്‍ നിന്ന് തടവുപുള്ളികളെ വിട്ടയച്ചിരുന്നു. ലോക്കപ്പുകളില്‍ പ്രതികള്‍ തിങ്ങിപ്പാര്‍ക്കുന്നത് ഒഴിവാക്കി സാമൂഹിക അകലം പ്രോയോഗികമാക്കാനായിരുന്നു നടപടി. ഇതിന്‍റെ ഭാഗമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തിയടക്കം 65 കാശ്മീരി തടവുകാരെ വിട്ടയച്ചിരുന്നു. എന്നാല്‍ തന്‍റെ പിതാവുള്‍പ്പെടെ ചിലര്‍ മാത്രമാണ്, അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്ത്യയിലെ ഒരു കോടതിയിലും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇന്നും ജയിലില്‍ കഴിയുന്നതെന്ന് റുവ വികാരാധീനയായി.

കഴിഞ്ഞ മാസം അൽതാഫ് അഹ്മദ് ഷായുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന് വൈദ്യസഹായം നൽകാൻ ജൂൺ ഒന്നിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണ്. പക്ഷെ ജയിലധികൃതര്‍ ഇതുവരെ ഈ ഉത്തരവ് നടപ്പിലാക്കിയിട്ടില്ലെന്നാണ് റുവ പറയുന്നത്. തടവറകളില്‍ നിന്ന് വൈറസ് വ്യാപനത്തിന്‍റെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ആവലാതികളോടെ കഴിയുകയാണ് റുവ അടങ്ങുന്ന പതിനായിരക്കണക്കിന് കുടുംബാംങ്ങള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com