ഡൽഹിയിൽ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു

മാർച്ച്​ മുതൽ കോവിഡ്​ രോഗികളെ ശുശ്രൂഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ജാവേദ്​ അലി
ഡൽഹിയിൽ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിനെതിരെ തുടക്കം മുതൽ പോരാട്ടത്തിൽ ആയിരുന്ന ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഡൽഹി സർക്കാറിന്​ കീഴിലെ നാഷനൽ ഹെൽത്ത്​ മിഷനിൽ കരാർ അടിസ്​ഥാനത്തിൽ ജോലി ചെയ്​തിരുന്ന 42കാരനായ ഡോക്​ടർ ജാവേദ്​ അലിയാണ്​ കഴിഞ്ഞദിവസം മരിച്ചത്​. മാർച്ച്​ മുതൽ കോവിഡ്​ രോഗികളെ ശുശ്രൂഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ജാവേദ്​ അലി.

ജാവേദ്​ അലിക്ക്​ ജൂൺ 24നാണ്​​ രോഗം സ്​ഥിരീകരിച്ചത്​. മൂന്നാഴ്​ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്​ 10 ദിവസം മുമ്പ്​ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസ്​ ട്രോമ സെന്ററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്​ച രാവിലെ മരിച്ചു.

ഭാര്യയും 12 വയസായ മകളും ആറുവയസായ മകനുമാണ്​ ഡോക്​ടർക്കുള്ളത്​. കരാർ അടിസ്​ഥാനത്തിൽ ജോലി ചെയ്​തിരുന്നതിനാൽ കുടുംബം നഷ്​ടപരിഹാരം ആവശ്യപ്പെട്ടു. ഇദ്ദേഹത്തി​ന്റെ ചികിത്സ ചിലവ്​ വഹിച്ചിരുന്നത്​ കുടുംബമായിരുന്നു. ഏകദേശം ആറുലക്ഷം രൂപ ചികിത്സക്ക്​ ചിലവായി. എൻ.എച്ച്​.എം ഡോക്​ടേഴ്​സ്​ വെൽഫയർ ​അസോസിയേഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്​ കത്തയക്കുകയും ചെയ്​തു.

Related Stories

Anweshanam
www.anweshanam.com