കോവിഷീല്‍ഡ് ഡിസംബറോടെ വിതരണം ചെയ്യാനായേക്കും

യുകെയിലെ ട്രയൽ ഡേറ്റകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ.
കോവിഷീല്‍ഡ് ഡിസംബറോടെ വിതരണം ചെയ്യാനായേക്കും

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്സിനായ കോവിഷീൽഡ് 2020 ഡിംബറോടെ വിതരണം ചെയ്യാനായേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല പറഞ്ഞു. കൊവിഷീൽഡിന്റെ യുകെയിലെ ട്രയൽ ഡേറ്റകളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

യുകെയിൽ നിന്നുളള ഡേറ്റകൾ പോസിറ്റീവാണെങ്കിൽ വാക്സിന് അടിയന്തര അംഗീകാരം ലഭിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കും. ആവശ്യമെങ്കിൽ വാക്സിന് അടിയന്തര അംഗീകാരം നൽകാൻ സാധ്യതയുളളതായി കേന്ദ്ര സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഓക്സ്‌ഫഡ് സർവകലാശാല-ആസ്ട്രസെനകയുടെ കൊവിഷീൽഡിന്റെ മൂന്നാംഘട്ട ട്രയലാണ് യുകെയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും 1600 പേർ കോവിഷീൽഡിന്റെ അവസാനഘട്ട ട്രയലുകളിലാണ്.

ഓക്സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്സിൻ ചെറുപ്പക്കാരിലും പ്രായമായവരിലും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നതായുളള ബ്രീട്ടീഷ് മരുന്നുനിർമാതാക്കളായ ആസ്ട്രസെനക്കയുടെ പ്രഖ്യാപനം ചൊവ്വാഴ്ച ട്വിറ്ററിലൂടെ പൂനാവാല പങ്കുവെച്ചിരുന്നു. പ്രാഥമിക സന്തോഷവാർത്തയെന്ന വിശേഷണത്തോടെയാണ് പൂനാവാല ഇക്കാര്യം പങ്കുവെച്ചത്.

'പ്രായമായവർക്കും, ദുർബലരായവർക്കും ഈ വാക്സിൻ പ്രയോജനപ്പെടുമോ എന്ന് നിരവധി പേർ ചോദിച്ചിരുന്നു. അവർക്കായിതാ ഒരു പ്രാഥമിക സന്തോഷവാർത്ത' എന്നുകുറിച്ചുകൊണ്ടാണ് കോവിഷീൽഡ് പ്രായമായവർക്കും ചെറുപ്പക്കാർക്കും ഫലപ്രദമാണെന്ന ആസ്ട്രസെനക്കയുടെ പ്രഖ്യാപനം അദ്ദേഹം പങ്കുവെച്ചത്.

Related Stories

Anweshanam
www.anweshanam.com