ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
coronavirus

ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്

News Desk

News Desk

ലണ്ടന്‍: താത്കാലികമായി നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്.

പരീക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് അൾട്രാസെനകിന് അനുമതി ലഭിച്ചു. ഇതോടെയാണ് AZD1222 എന്ന വാക്സിൻ പരീക്ഷണം തുടങ്ങുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവെച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തിയത്. വൊളണ്ടിയർക്ക് ബാധിച്ച രോഗം വാക്സിന്റെ പാർശ്വഫലമാണെന്ന് ആശങ്ക ഉയർന്നിരുന്നു.

'ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കും', ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ കുത്തിവെച്ചത്. ഇതില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്. യുകെയില്‍ വാക്‌സിന്‍ നിര്‍മാണത്തില്‍ സര്‍വകലാശാലയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത് ഔഷധനിര്‍മാണ കമ്പനിയായ ആസ്ട്രസെനേകയാണ്.

ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചിരുന്നു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നൽകിയ വിശദീകരണം.

Anweshanam
www.anweshanam.com