ആലപ്പുഴയിൽ കുഴഞ്ഞു വീണു മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്
ആലപ്പുഴയിൽ കുഴഞ്ഞു വീണു മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: കുട്ടനാട്ടില്‍ കുഴഞ്ഞു വീണു മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. 52 വയസായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. ബാബു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. നിരവധി പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. എന്നാല്‍ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴയിൽ തീരമേഖലയിൽ മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുക കൂടി ലക്ഷ്യമിട്ടാണ് നിരോധനം. ഇന്ന് മുതൽ ജൂലൈ 16 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. തീരമേഖലയിൽ പരിശോധന കർശനമാക്കാൻ പൊലീസിനും നിർദേശം നൽകി.

നേരത്തെ, ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസ് എന്ന 20 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭര്‍ത്താവ് ജിതിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ദേവികയ്ക്കും രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com