കോവിഡ്: കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; അനാവശ്യമായി പുറത്തിറങ്ങരുതെന്ന്​ നിർദേശം
coronavirus

കോവിഡ്: കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; അനാവശ്യമായി പുറത്തിറങ്ങരുതെന്ന്​ നിർദേശം

നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍

By News Desk

Published on :

കൊച്ചി: എറണാകുളം മാർക്കറ്റിലെ കൂടുതൽപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കൊച്ചിയിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം. ജനങ്ങളോട്​ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

ബ്രോഡ് വേയിലെ സാഹചര്യം മുന്നറിയിപ്പാണ്. പോലീസും ആരോഗ്യവകുപ്പും പ്രത്യേകം പരിശോധന നടത്തും. അവശ്യ സര്‍വീസ് ആണെങ്കില്‍ കൂടി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെയ്ന്‍മെന്റ് സോണില്‍ ഏഴു ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

രോഗലക്ഷണമുള്ളവർ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. സാമൂഹിക അകലം കർശനമാക്കും. മാസ്​ക്​ ധരിക്കാത്തവർ​ക്കെതിരെ നടപടി സ്വീകരിക്കും. ആൾക്കൂട്ടം അനുവദിക്കില്ല. അഗ്​നിരക്ഷ സേനയുടെ സഹായത്തോടെ എറണാകുളം മാർക്കറ്റ്​ അണുവിമുക്തമാ​ക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗബാധ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകാതിരിക്കണമെങ്കില്‍ എല്ലാവരും സഹായിച്ചേ മതിയാകൂ. അതുകൊണ്ട് മാര്‍ക്കറ്റ് അടക്കമുള്ള ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

എറണാകുളം മാര്‍ക്കറ്റിനൊപ്പം തോപ്പുംപടി കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിട്ടുണ്ട്. അതിനിടെ സമാന്തര മാര്‍ക്കറ്റ് വേണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.

എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ട്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ബുധനാഴ്​ച ജില്ലയിൽ 12 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Anweshanam
www.anweshanam.com