മിക്ക എംഎസ്എംഇകൾക്കും അടിയന്തിര വായ്പാ ഗാരണ്ടി പ്രയോജനപ്പെടുത്താൻ അർഹത
business

മിക്ക എംഎസ്എംഇകൾക്കും അടിയന്തിര വായ്പാ ഗാരണ്ടി പ്രയോജനപ്പെടുത്താൻ അർഹത

25 കോടി രൂപ വരെ വായ്പയുള്ള ചെറുകിട സംരംഭകര്‍ക്കാണ് ഈ പദ്ധതിക്ക് അര്‍ഹത. ഇവരുടെ വായ്പയില്‍ ശേഷിക്കുന്ന തുകയും 20 ശതമാനമാണ് ഈ പദ്ധതി പ്രകാരം വായ്പയായി ലഭിക്കുക.

By News Desk

Published on :

കൊച്ചി: ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരമുള്ള അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി (ഇസിഎല്‍ജിഎസ്) പ്രയോജനപ്പെടുത്താന്‍ 81 ശതമാനം ചെറുകിട സംരംഭങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ വിശകലനം. 25 കോടി രൂപ വരെ വായ്പയുള്ള ചെറുകിട സംരംഭകര്‍ക്കാണ് ഈ പദ്ധതിക്ക് അര്‍ഹത. ഇവരുടെ വായ്പയില്‍ ശേഷിക്കുന്ന തുകയും 20 ശതമാനമാണ് ഈ പദ്ധതി പ്രകാരം വായ്പയായി ലഭിക്കുക.

ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വിശകലന പ്രകാരം ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളില്‍ 81 ശതമാനവും ഘടനാപരമായി ശക്തമാണ്. ഇങ്ങനെ ശക്തമായ സംരംഭങ്ങള്‍ക്കാണ് പദ്ധതിയുടെ അര്‍ഹതയുള്ളത്. സിബില്‍ സിഎംആര്‍ റാങ്കില്‍ ആറോ അതില്‍ താഴെയോ ഉള്ളവയെയാണ് ഘടനാപരമായി ശക്തമായവയായി കണക്കാക്കുന്നത്. അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ നിഷ്‌ക്രിയ ആസ്തികളായി മാറാന്‍ സാധ്യതയില്ലാത്തവ എന്ന പ്രവചനമാണ് മികച്ച സിഎംആര്‍ റാങ്കിലൂടെ നടത്തുന്നത്.

അര്‍ഹരായ ചെറുകിട സംരംഭങ്ങള്‍ക്ക് ഫണ്ട് ലഭിക്കാനുള്ള അവസരവും വായ്പാ സ്ഥാപനങ്ങള്‍ക്ക് സുസ്ഥിരമായ നിക്ഷേപങ്ങളും നല്‍കുന്നതാണ് ഈ പദ്ധതിയെന്ന് ട്രാന്‍സ്‌യൂണിയന്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. ഇതുപോലുള്ള അസാധാരണ സാഹചര്യത്തില്‍ വായ്പാ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്കാണു വഹിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതിക്ക് അര്‍ഹതയുള്ള നാലു ലക്ഷത്തിലേറെ ചെറുകിട സംരംഭക ഉപഭോക്താക്കളാണ് തങ്ങള്‍ക്കുള്ളതെന്ന് ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിക്രമാദിത്യ സിങ് ഖിച്ചി പറഞ്ഞു. 2.25 ലക്ഷത്തോളം സംരംഭങ്ങള്‍ക്കായി 7200 കോടി രൂപയിലേറെ അനുവദിച്ചതായി 2020 ജൂണ്‍ 25-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് അര്‍ഹതയുള്ള 4.5 ലക്ഷം ഉപഭോക്താക്കള്‍ ഉള്ള ഇന്ത്യന്‍ ബാങ്ക് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വായ്പകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനു വേണ്ടി ഫലപ്രദമായി ഉപയോഗിച്ചിരുന്നു. പദ്ധതി പ്രകാരം 7,000-7,500 കോടി രൂപ അനുവദിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും 4106 കോടി രൂപയുടെ വായ്പകള്‍ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടറും സിഇഒയുമായ പദ്മജ ചൂന്ദ്രു പറഞ്ഞു.

Anweshanam
www.anweshanam.com