പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം: സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ

തീവ്രമുതലാളിത്ത നയങ്ങളുടെ ഭാഗമായി ബാങ്കിങ് തകർച്ച ഉണ്ടായ ഘട്ടങ്ങളിലെല്ലാം രാജ്യത്തെ രക്ഷിച്ചതും പൊതുമേഖലാ ബാങ്കുകളാണ്
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം: സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ

തിരുവനന്തപുരം: രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് നിർണ്ണായകമായ സംഭാവനകൾ നൽകിയ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കം ഉപേക്ഷിക്കണമെന്നും ജനകീയ ബാങ്കിങ് വളർത്തുന്ന ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നും തിരുവനന്തപുരത്തു ചേർന്ന സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) 8-ാമത് ജനറൽ കൗൺസിൽ അധികൃതരോട് ആവശ്യപ്പെട്ടു.

ദേശീയപ്രസ്ഥാനത്തിന്റെ പ്രക്ഷുബ്ധ ഇടപെടലുകളും ജനാധിപത്യത്തെ സംബന്ധിച്ച സംവാദങ്ങളുമാണ് 1950-കളിൽ പൊതുമേഖലാ ബാങ്കുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും ആരംഭത്തിലേക്കു നയിച്ചത്. അടിസ്ഥാനമേഖലകളുടെ വളർച്ചയ്ക്കും ദേശീയവരുമാന വർദ്ധനവിനും സ്ഥിരംതൊഴിൽ ലഭ്യതയ്ക്കും ജനങ്ങളുടെ ക്ഷേമമുന്നേറ്റത്തിനും നൽകിയ സംഭാവനയുടെ കാര്യത്തിൽ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിങ് ലോകത്തിനുതന്നെ മാതൃകയാണ്.

തീവ്രമുതലാളിത്ത നയങ്ങളുടെ ഭാഗമായി ബാങ്കിങ് തകർച്ച ഉണ്ടായ ഘട്ടങ്ങളിലെല്ലാം രാജ്യത്തെ രക്ഷിച്ചതും പൊതുമേഖലാ ബാങ്കുകളാണ്. ഉദാരവത്കരണ നയങ്ങളുടെ ഭാഗമായും ആസ്തി-ലാഭ വിലയിരുത്തലിലെ ആസൂത്രിത അട്ടിമറിയുടെ ഫലമായും ശതകോടീശ്വരന്മാരെന്നു കരുതുന്ന ധനിക കോർപ്പറേറ്റുകൾക്ക് നൽകിയ വായ്പയുടെ തിരിച്ചടവുകാര്യത്തിൽ ഉണ്ടായ അനാസ്ഥയുമൊക്കെയാണ് യഥാർത്ഥത്തിൽ പൊതുമേഖലാ ബാങ്കുകളെ അപകീർത്തിപ്പെടുത്തുന്ന ഇന്നത്തെ സ്ഥിതിയിലെത്തിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധമായ നയങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്.

പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് ഫിലിപ്പ് കോശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. രാഘവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ. എൻ. വിശ്വനാഥൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം മേഖലകളിൽ നിന്നായി 17 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. എസ്. അഖിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. ബാങ്കിങ് മേഖലയിൽ നിയമനങ്ങൾ വർദ്ധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പുറംകരാർവത്കരണം ഉപേക്ഷിക്കുക, കർഷകസമരത്തോടു ഐക്യദാർഢ്യം പ്രകടിപ്പിക്കുക. ശാഖകളിൽ ഇടപാടുകാർക്ക് വേഗത്തിലും മികച്ചതുമായ സേവനങ്ങൾ നൽകുന്നതിനായി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി. ജെ. വൈശാഖ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അനു പി. നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി അഖിൽ എസ്. (പ്രസിഡന്റ്), ജി. ശ്രീകല, ആദർശ് വി. എസ്. (വൈസ് പ്രസിഡന്റ്), ഫിലിപ്പ് കോശി (ജനറൽ സെക്രട്ടറി), രവികുമാർ പി., വൈശാഖ് വി. ജെ. (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), വിശ്വനാഥൻ ഇ. എൻ. (ട്രഷറർ), രാകേഷ് കെ. ആർ. (അസിസ്റ്റന്റ് ട്രഷറർ) എന്നിവരെയും സബ്-ഓഫീസ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായി യഥാക്രമം ബിന്ദു കെ., രജത് എച്ച്. സി. (തിരുവനന്തപുരം), രാമചന്ദ്ര കമ്മത്ത് എസ്., സജി ഡാനിയേൽ (കൊല്ലം), ഹരി എസ്., വിനോദ് ഫിലിപ്പ് (കോട്ടയം), നസീർ പി. എൽ., സുമേഷ് ജി. (എറണാകുളം), രാധാകൃഷ്ണൻ എൻ., ശ്രീവത്സൻ പി. എം. (തൃശ്ശൂർ), സാജു കെ., ജയരാജ് എം. എം. (കോഴിക്കോട്) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com