ഓമ്നി-ചാനല്‍ വിതരണ സമീപനവുമായി ഐകെഇഎ

ഓണ്‍ലൈന്‍ വ്യാപാരത്തിന് പ്രധാന്യമേറിവരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം.
ഓമ്നി-ചാനല്‍ വിതരണ സമീപനവുമായി ഐകെഇഎ

ന്യൂ ഡല്‍ഹി: കോവിഡ് മഹാമാരി വിപണിയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയില്‍ ഓമ്നി-ചാനല്‍ വിതരണ സമീപനം സ്വീകരിക്കാനൊരുങ്ങുകയാണ് സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർ ഐകെഇഎ. ഇന്ത്യയില്‍ വിപണി സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി.

'എല്ലാ മേഖലകളെയും പോലെ കോവിഡ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാക്കി, പക്ഷേ ഞങ്ങൾ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നു, നേരത്തെ സൂചിപ്പിച്ചതുപോലെ ഞങ്ങളുടെ മുംബൈ സ്റ്റോർ അടുത്ത ആറുമാസത്തിനുള്ളില്‍ തുറക്കും'- കമ്പനിയുടെ ഇന്ത്യ സിഇഒ പീറ്റർ ബെറ്റ്‌സെൽ പറഞ്ഞു.

ബംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങി കമ്പനിയുടെ പ്രധാനപ്പെട്ട വിപണന കേന്ദ്രങ്ങളിലാണ് ഓമ്നി-ചാനല്‍ വിതരണ സമീപനം അവലംബിക്കുക. ഇവിടങ്ങളില്‍ പുതിയ സ്റ്റോറുകള്‍ ആരംഭിച്ച് ഓൺലൈൻ സ്റ്റോറുകളുമായി സംയോജിപ്പിക്കാനാണ് പദ്ധതി. ഓണ്‍ലൈന്‍ വ്യാപാരത്തിന് പ്രധാന്യമേറിവരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം.

ഒൻപത് നഗരങ്ങളിൽ 2025 ഓടെ 25 സ്റ്റോറുകൾ തുറക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഐ‌കെ‌ഇ‌എയുടെ ആഗോള റീട്ടെയിൽ പ്രവർത്തനം കൈകാര്യം ചെയ്യുന്ന ഇങ്ക അടുത്ത ആറ് മാസത്തിനുള്ളിൽ മുംബൈയിൽ രണ്ടാമത്തെ സ്റ്റോർ തുറക്കും. നിലവിൽ, ഐ‌കെ‌ഇ‌എയ്ക്ക് പൂനെയില്‍ ഒരു വിതരണ കേന്ദ്രമുണ്ട്.

ലോക്ക് ഡൗൺ സമയത്ത്, ഐ‌കെ‌ഇ‌എ ഹൈദരാബാദിൽ ക്ലിക്ക് ആന്‍ഡ് കളക്ട് എന്ന പേരില്‍ സമ്പർക്കമില്ലാത്തതും സുരക്ഷിതവുമായ ഷോപ്പിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. കൂടാതെ അടുക്കള, ഓഫീസ് ഫർണിച്ചർ, വാർ‌ഡ്രോബ് എന്നിവയ്‌ക്കായുള്ള ഓൺ‌ലൈൻ കൺസൾട്ടേഷനുകളും ആരംഭിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com