എയർപോർട്ട് കൗണ്ടറില്‍ ചെക്ക്-ഇൻ ചെയ്യാൻ 100 രൂപ; പുതിയ മാറ്റത്തിനൊരുങ്ങി സ്പൈസ്ജെറ്റ്

വെബ് ചെക്ക്-ഇൻ ചെയ്യേണ്ടത് കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രാലയം നിർബന്ധമാക്കിയിരുന്നു.
എയർപോർട്ട് കൗണ്ടറില്‍ ചെക്ക്-ഇൻ ചെയ്യാൻ 100 രൂപ; പുതിയ മാറ്റത്തിനൊരുങ്ങി സ്പൈസ്ജെറ്റ്

ഗുഡ്ഗാവ്: എയർപോർട്ട് കൗണ്ടറുകളിൽ ചെക്ക് ഇൻ ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ബജറ്റ് കാരിയർ സ്പൈസ് ജെറ്റ് ഒരു യാത്രക്കാരന് 100 രൂപ എന്ന നിരക്കിൽ സേവന ഫീസ് ഈടാക്കും. കോവിഡ് 19 മഹാമാരി മൂലം കോൺടാക്ട് രഹിത യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നടപടി.

"വെബ് ചെക്ക്- ഇൻ നിർബന്ധമാണ്, ഓൺലൈനിൽ ചെക്ക്- ഇൻ ചെയ്യുന്നതിന് ഞങ്ങളുടെ വെബ്സൈറ്റ് അല്ലങ്കിൽ അപ്ലിക്കേഷൻ സന്ദർശിച്ച് നിങ്ങളുടെ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് സൗജന്യമായി ബോർഡിംഗ് പാസ് നേടുക. ഒരു യാത്രക്കാരന് 100 രൂപ നിരക്കിൽ വിമാനത്താവളത്തിൽ ചെക്ക്- ഇൻ ചെയ്യാം", സ്പൈസ് ജെറ്റ് ട്വീറ്റിൽ വ്യക്തമാക്കി.

ഈ മാസം ആദ്യത്തോടെ എയർപോർട്ട് കൗണ്ടറുകളിൽ ചെക്ക്- ഇൻ ചെയ്യുന്നതിനായി 100 രൂപ സേവന നിരക്ക് ഏർപ്പെടുത്തിയെന്ന് മറ്റൊരു കാരിയറായ ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ മെയ് 25 -നാണ് രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ ടച്ച് പോയിന്റുകൾ കുറയ്ക്കുന്നതിന് യാത്രക്കാർക്ക് വെബ് ചെക്ക്-ഇൻ ചെയ്യേണ്ടത് കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രാലയം നിർബന്ധമാക്കിയിരുന്നു. വെബ് ചെക്ക്-ഇന്‍ ചെയ്തു കഴിഞ്ഞാൽ, യാത്രക്കാരന് ഓൺലൈൻ ബോർഡിംഗ് പാസ് നൽകുന്നതാണ്.

മെയ് 25 മുതൽ സ്ഥിരീകരിച്ച വെബ് ചെക്ക്- ഇൻ ഉള്ള യാത്രക്കാർക്ക് മാത്രമേ എയർപോർട്ട് ടെർമിനലിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ എട്ട് പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചു. നവംബർ 5 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എയർ ബബിൾ കരാർ പ്രകാരമാണിത്. ഡല്‍ഹി, കൊൽക്കത്ത, ചെന്നൈ എന്നിവയെ ധാക്കയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം കൊൽക്കത്തയ്ക്കും ചിറ്റഗോംഗിനുമിടയിൽ ആഴ്ചയിൽ നാല് തവണ നോൺ-സ്റ്റോപ്പ് വിമാന സർവീസുകളും നടത്തും.

മാർച്ച് 23 മുതൽ രാജ്യത്തെ അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പ്രസ്തുത നിരോധനം 2020 നവംബർ 30 വരെ നീട്ടിക്കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ പുറത്തിറക്കിയത്.

Related Stories

Anweshanam
www.anweshanam.com