ഓഹരി വിപണിയിൽ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം
business

ഓഹരി വിപണിയിൽ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം

ബാങ്ക് ഓഹരികളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ബെഞ്ച്മാർക്ക് ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയർന്നത്. 

By News Desk

Published on :

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വന്‍ കുതിപ്പ്. സെന്‍സെക്സ് 187.24 പോയിന്‍റ് ഉയര്‍ന്ന് 36,674.52 ലും, നിഫ്റ്റി 36 പോയിന്‍റ് ഉയര്‍ന്ന് 10,799.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഓഹരികളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ബെഞ്ച്മാർക്ക് ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയർന്നത്.

സെൻസെക്സ് ചാർട്ടിൽ ബജാജ് ഫിനാൻസ് എട്ട് ശതമാനം നേട്ടമുണ്ടാക്കി. ഇൻഡസിന്‍റ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് എന്നിവയാണ് രണ്ടാം സ്ഥാനത്ത്. അതെസമയം, എൻ‌ടി‌പി‌സി, ഐ‌ടി‌സി, പവർ‌ഗ്രിഡ്, ടാറ്റ സ്റ്റീൽ‌ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

മേഖലാ സൂചികകളിൽ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ഇന്നത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച സൂചികയായി തുടർന്നു. 2.65 ശതമാനം നേട്ടമാണ് ബാങ്ക് സൂചിക ഇന്ന് കൈവരിച്ചത്. നിഫ്റ്റി ഐടി 2.10 ശതമാനം നേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി മെറ്റലാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 1.78 ശതമാനം ഇടിവാണ് മെറ്റൽ സൂചികകയ്ക്ക് നേരിട്ടത്. മിസൈലുകൾ, വെടിമരുന്ന്, ആയുധ സംവിധാനങ്ങൾ എന്നിവ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതിനെത്തുടർന്ന്, തുടർച്ചയായ മൂന്നാം ദിവസവും പ്രതിരോധ ഓഹരികൾ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വച്ചു.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക സമ്പദ് വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഓഹരി വിപണി ജനുവരിക്കു ശേഷമുണ്ടായ 39. 4 ശതമാനം ഇടിവില്‍ നിന്ന് നേരെ മുകളിലേക്ക് കുതിച്ചുയരുകയാണ്. കേന്ദ്ര ബാങ്കുകള്‍ ഇറക്കിയ പണം, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കുകള്‍, 2021ല്‍ സാമ്പത്തിക വളര്‍ച്ചയും കോര്‍പ്പറേറ്റ് ലാഭവും വീണ്ടെടുക്കുമെന്ന പ്രതീക്ഷ, തുടങ്ങിയ ഘടകങ്ങളാണ് ഓഹരി വിപണിയെ മുന്നോട്ട് നയിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഓഹരി വിപണിയില്‍ സജീവമാകുന്ന പുതുനിക്ഷേപകരും വിപണിയുടെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്.

Anweshanam
www.anweshanam.com