ചെറുകിട ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളുമായി എസ്ബിഐ

ഭവന, വാഹന വായ്പകള്‍ക്കുള്ള പ്രോസസ്സിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് എസ്ബിഐ പ്രഖ്യാപിച്ചത്.
ചെറുകിട ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളുമായി എസ്ബിഐ

കൊച്ചി: ചെറുകിട ഉപഭോക്താക്കള്‍ക്കായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭവന, വാഹന വായ്പകള്‍ക്കുള്ള പ്രോസസ്സിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് എസ്ബിഐ പ്രഖ്യാപിച്ചത്.

മഹാ മാരിക്കിടയിലും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐയുടെ നീക്കം. യോനോ വഴി കാര്‍, സ്വര്‍ണ, പേഴ്‌സണല്‍ വായ്പകള്‍ക്ക് അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പ്രോസസ്സിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. കാര്‍ വായ്പയ്ക്ക് 7.5 ശതമാനം മുതല്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ബാങ്ക് ഈടാക്കുന്നത്. തെരഞ്ഞെടുത്ത മോഡലുകളില്‍ ഓണ്‍ റോഡ് വിലയുടെ 100 ശതമാനം വരെ വായ്പയും ലഭിക്കും.

അംഗീകൃത പദ്ധതികള്‍ക്കായുള്ള ഭവന വായ്പകളില്‍ പ്രോസസ്സിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. ക്രെഡിറ്റ് സ്‌ക്കോറിന്റേയും വായ്പാ തുകയുടേയും അടിസ്ഥാനത്തില്‍ പലിശ നിരക്കില്‍ 10 പോയിന്റുകള്‍ക്ക് വരെ പ്രത്യേക ഇളവും നല്‍കും. ഇതിനു പുറമെ യോനോ വഴി അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റുകളുടെ അധിക പലിശ ഇളവും ലഭിക്കും.

സ്വര്‍ണ പണയത്തിന് 36 മാസം വരെയുള്ള അടവു കാലവും 7.5 ശതമാനം വരെയുളള കുറഞ്ഞ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേഴ്‌സണല്‍ വായ്പകള്‍ 9.6 ശതമാനം എന്ന കുറഞ്ഞ നിരക്കിലും ലഭിക്കും.ഡിജിറ്റല്‍ ബാങ്കിങിനു പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ യോനോ വഴി കൂടുതല്‍ സൗകര്യം നല്‍കാനാണ് എസ്ബിഐ ശ്രമിക്കുന്നത്. വീട്ടിലിരുന്ന് വെറും നാലു ക്ലിക്കുകള്‍ വഴി പേഴ്‌സണല്‍ ലോണുകള്‍ നേടുവാനുള്ള അവസരമാണ് ബാങ്ക് നല്‍കുന്നത്. എസ്എംഎസ് വഴി യോഗ്യത പരിശോധിക്കാനും സാധിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങളും പദ്ധതികളും നല്‍കാനുള്ള എസ്ബിഐയുടെ തുടര്‍ച്ചയായ ശ്രമങ്ങളാണ് ഇവിടേയും ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ റീട്ടെയില്‍ ആന്റ് ഡിജിറ്റല്‍ ബാങ്കിങ് എംഡി സിഎസ് സെറ്റി ചൂണ്ടിക്കാട്ടി. സമ്പത്ത്ഘടന ക്രമത്തില്‍ മെച്ചപ്പെടുമ്പോള്‍ ഉപഭോക്താക്കളുടെ ചെലവഴിക്കലും വളരുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത്തരം ഘട്ടത്തില്‍ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും ആഹ്ലാദഭരിതമായ ഉല്‍സവ കാലം ഉറപ്പാക്കാനുമാണ് എസ്ബിഐ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com