ആര്‍ക്കും സമ്മാനിക്കാവുന്ന അപകട ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് എസ്ബിഐ ജനറല്‍
business

ആര്‍ക്കും സമ്മാനിക്കാവുന്ന അപകട ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് എസ്ബിഐ ജനറല്‍

ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന ആളുമായി പോളിസി വാങ്ങുന്ന വ്യക്തിക്ക് ബന്ധമൊന്നും വേണ്ട എന്നതാണ് പോളിസിയുടെ സവിശേഷത. ഇഷ്ടമുള്ള ആര്‍ക്കും പോളിസി സമ്മാനിക്കാം.

News Desk

News Desk

മുംബൈ: ഇന്‍ഷുറന്‍സ് കമ്പനി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ''ഷാഗുണ്‍-ഇന്‍ഷുറന്‍സ് സമ്മാനിക്കുക'' എന്ന നൂതനമായൊരു വ്യക്തിഗത അപകട പോളിസി അവതരിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ) ചട്ടങ്ങള്‍ക്കനുസരിച്ചാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന ആളുമായി പോളിസി വാങ്ങുന്ന വ്യക്തിക്ക് ബന്ധമൊന്നും വേണ്ട എന്നതാണ് പോളിസിയുടെ സവിശേഷത. ഇഷ്ടമുള്ള ആര്‍ക്കും പോളിസി സമ്മാനിക്കാം.

അപ്രതീക്ഷിത അപകടത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന മരണം, ഭാഗികമോ അല്ലാതെയോ ഉള്ള അംഗവൈകല്യം, താല്‍ക്കാലിക വൈകല്യങ്ങള്‍ തുടങ്ങിയവയെല്ലാം ഷാഗുണ്‍ അപകട ഇന്‍ഷുറന്‍സിന്റെ കവറില്‍ വരും. എസ്ബിഐ ജനറലിന്റെ നൂതനമായ ഓഫറാണ് ഷാഗുണെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ നാഴികക്കല്ലുകള്‍ അല്ലെങ്കില്‍ ശുഭസൂചകങ്ങള്‍ നമ്മള്‍ ആഘോഷിക്കുന്നത് പണം അല്ലെങ്കില്‍ അതിനു ചേര്‍ന്ന എന്തെങ്കിലും സമ്മാനിച്ചുകൊണ്ടാണെന്നും നല്ലത് ആശംസിക്കുക എന്ന ലക്ഷ്യം മനസില്‍ കണ്ടാണ് സുരക്ഷിതത്വം നല്‍കുന്ന ഈ സമ്മാനം എസ്ബിഐജി രൂപീകരിച്ചതെന്നും 501, 1001, 2001 രൂപ എന്നിങ്ങനെയാണ് ഉല്‍പ്പന്നത്തിന്റെ പ്രീമിയമെന്നും ഷാഗുണ്‍ എന്ന പേരു മാത്രമല്ല, പ്രീമിയം തുക പോലും ഇന്ത്യന്‍ പാരമ്പര്യത്തിന് ചേര്‍ന്നതാണെന്നും എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പി.സി.കാണ്ഡ്പാല്‍ പറഞ്ഞു.

കൂട്ടുകാര്‍ക്ക്, കുടുംബക്കാര്‍ക്ക്, അകന്ന ബന്ധത്തിലുള്ളവര്‍ക്ക്, സഹായികള്‍ക്ക്, ഡ്രൈവര്‍മാര്‍ക്ക്, പാചകക്കാര്‍ക്ക് തുടങ്ങി ആര്‍ക്കു വേണമെങ്കിലും ഷാഗുണ്‍ സമ്മാനിക്കാമെന്നും പരീക്ഷ പാസായതിന്, പുതിയ കാര്‍ വാങ്ങുമ്പോള്‍, പിറന്നാളിന്, വിവാഹത്തിന്, വാര്‍ഷികത്തിന്, പുതിയ ബൈക്ക് വാങ്ങുമ്പോള്‍, കോളജ് അഡിമിഷന്‍ നേടുമ്പോള്‍ തുടങ്ങി ഏതവസരത്തിലും ഇത് സമ്മാനിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Anweshanam
www.anweshanam.com