1.69 ലക്ഷം കോടി സമാഹരണം; റിലയന്‍സ് കടരഹിത കമ്പനിയായെന്ന്‍ അംബാനി
business

1.69 ലക്ഷം കോടി സമാഹരണം; റിലയന്‍സ് കടരഹിത കമ്പനിയായെന്ന്‍ അംബാനി

By News Desk

Published on :

ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് കടരഹിത കമ്പനി ആയെന്ന് മുകേഷ് അംബാനി. രണ്ട് മാസം കൊണ്ട് ആഗോള നിക്ഷേപകരിൽ നിന്ന് 1.69 ലക്ഷം കോടി രൂപയും അവകാശപത്രവും നേടിയതായി അംബാനി അറിയിച്ചു.

കമ്പനിയുടെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ നാലിലൊന്നിൽ താഴെ മാത്രം വിറ്റുകൊണ്ട് റിലയൻസ് ആഗോള ടെക് നിക്ഷേപകരിൽ നിന്ന് 1.15 ലക്ഷം കോടി രൂപയും കഴിഞ്ഞ 58 ദിവസത്തിനുള്ളിൽ ഒരു റൈറ്റ്സ് ഇഷ്യുവിലൂടെ 53,124.20 കോടി രൂപയും സമാഹരിച്ചു.

കഴിഞ്ഞ വർഷം ഇന്ധന ചില്ലറ വിൽപ്പന സംരംഭത്തിലെ 49 ശതമാനം ഓഹരി യുകെയിലെ ബിപി പി‌എൽ‌സിക്ക് 7,000 കോടി രൂപയ്ക്ക് വിറ്റതോടെ സമാഹരിച്ച മൊത്തം ഫണ്ട് 1.75 ലക്ഷം കോടി രൂപയിൽ അധികമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

"2020 മാർച്ച് 31 വരെ റിലയൻസിൻറെ കടം 1,61,035 കോടി രൂപയായിരുന്നു. ഈ നിക്ഷേപങ്ങളിലൂടെ, ആർ‌ഐ‌എൽ മൊത്തം കടരഹിതമായി.

2021 മാർച്ച് 31 ന് മുമ്പായി റിലയൻസ് കടരഹിതമാക്കി മാറ്റും എന്ന് ഷെയർഹോൾഡർമാർക്ക് നല്‍കിയ എന്റെ വാഗ്ദാനം ഞാൻ നിറവേറ്റി", അംബാനി പറഞ്ഞു.

ഫേസ്ബുക്ക്, സില്‍വര്‍ലേയ്ക്ക്, വിസ്റ്റ ഇ്ക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബാദല, എഡിഐഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നീ കമ്പനികളില്‍നിന്നായി ജിയോ പ്ലാറ്റ്‌ഫോം 1,15,693.95 കോടി രൂപയാണ് സമാഹരിച്ചത്.

രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ചരിത്രത്തിലാദ്യമായാണ് വിദേശനിക്ഷേപക സ്ഥാപനങ്ങളില്‍നിന്നുള്‍പ്പടെ ചുരുങ്ങിയകാലയളവില്‍ ഒരുകമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്.

വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തില്‍, ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനികളുടെ പട്ടികയില്‍ 106-ാമെത്ത സ്ഥാനമാണ് കമ്പനിക്ക് നിലവിലുള്ളത്. ഫോബ്‌സിന്റെ പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമതും ആഗോളതലത്തില്‍ 71-ാമത്തെസ്ഥാനവുമാണുള്ളത്.

Anweshanam
www.anweshanam.com