ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒമ്പതു ശതമാനം ചുരുങ്ങും; എഡിബി

2021-22ൽ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒമ്പതു ശതമാനം ചുരുങ്ങും; എഡിബി

ന്യൂ ഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നടപ്പു സാമ്പത്തിക വർഷം ഒമ്പതു ശതമാനം ചുരുങ്ങുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി). രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ കോവിഡ് ഗണ്യമായ തോതിൽ ബാധിച്ചതായി എഡിബി വിലയിരുത്തുന്നു- എഎന്‍ഐ റിപ്പോര്‍ട്ട്.

എന്നാൽ, 2021-22ൽ ഇന്ത്യ ശക്തമായി തിരിച്ചുവരും. അടുത്ത വർഷം മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) എട്ടു ശതമാനം വളരുമെന്നാണു എഡിബി വ്യക്തമാക്കുന്നത്. അടുത്ത വർഷം ബിസിനസ് പ്രവർത്തനങ്ങൾ ഊർജിതമാകുമെന്നാണ് നിഗമനം.

കോവിഡ് പ്രതിരോധത്തിന് ഇന്ത്യ ഏർപ്പെടുത്തിയ കർശനമായ ലോക്ക് ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങളെ കാര്യമായി തന്നെ ബാധിച്ചെന്ന് എഡിബി ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാഡ ചൂണ്ടിക്കാട്ടി. കോവിഡ് ടെസ്റ്റിങ്, ട്രാക്കിങ്, ചികിത്സ എന്നിവയിൽ ഫലപ്രദമായ നടപടികൾ ഇന്ത്യ സ്വീകരിച്ചുവെന്നും സവാഡ അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വർഷം പത്തര ശതമാനം ചുരുങ്ങുമെന്നാണ് ഏതാനും ദിവസം മുൻപ് ആഗോള റേറ്റിങ് ഏജൻസി ഫിച്ച്, അവരുടെ നിഗമന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഏപ്രിൽ- ജൂൺ ക്വാർട്ടറിൽ രാജ്യത്തെ ജിഡിപി 23.9 ശതമാനം ചുരുങ്ങിയിരുന്നു.

ക്വാർട്ടർ ജിഡിപി കണക്കാക്കാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. വരും ക്വാർട്ടറുകളിൽ രാജ്യം തിരിച്ചുവരവിന്‍റെ ആദ്യ പടികൾ കയറുമെന്നാണു പൊതുവായ നിഗമനം.

Related Stories

Anweshanam
www.anweshanam.com