രാജ്യത്തെ കയറ്റുമതി രംഗത്ത് വളര്‍ച്ച; 5.27 ശതമാനം വര്‍ധനവ്

ആറ് മാസത്തെ ഇടിവിന് ശേഷമാണ് കയറ്റുമതി മേഖലയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തെ കയറ്റുമതി രംഗത്ത് വളര്‍ച്ച; 5.27 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം രാജ്യത്ത് കയറ്റുമതി രംഗത്ത് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ കയറ്റുമതിയില്‍ 5.27 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആറ് മാസത്തെ ഇടിവിന് ശേഷമാണ് കയറ്റുമതി മേഖലയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം വര്‍ധിച്ചിരുന്നു. പിഎംഐ നമ്പരുകളിലും വാഹന വില്‍പ്പനയിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് മുന്നേറ്റം പ്രകടമാണ്. എന്നാല്‍, 2020 -21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ച നിരക്കില്‍ 24 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യ ആശങ്ക വര്‍ധിപ്പിച്ചിരുന്നു.

ഇലക്ട്രോണിക്, എഞ്ചിനീയറിംഗ് വസ്തുക്കള്‍ പോലുള്ള ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങള്‍ കയറ്റുമതി വര്‍ധിച്ച് സെപ്റ്റംബറില്‍ 27.40 ബില്യണ്‍ ഡോളറായിരുന്നു. ഒരു വര്‍ഷം മുമ്പ് സമാനകാലയളവില്‍ ഇത് 26.02 ബില്യണ്‍ ഡോളറായിരുന്നു. ഫെബ്രുവരി മാസത്തെക്കാള്‍ വളര്‍ച്ച 2.9 ശതമാനം കൂടുതലാണ്. ഫെബ്രുവരിക്ക് ശേഷം ഈ കലണ്ടര്‍ വര്‍ഷത്തിലെ കയറ്റുമതി വളര്‍ച്ച കാണിക്കുന്ന മറ്റൊരു മാസമാണിത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ മറ്റൊരു സൂചകമാണിതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com