സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നു
business

സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നു

അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.

അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തില്‍ വരും. അതനുസരിച്ച്‌ അന്ന് മുതല്‍ ഈ സഹകരണബാങ്കുകളെല്ലാം റിസര്‍വ് ബാങ്കിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുമാകും.

പ്രധാനമായും അര്‍ബന്‍ സഹകരണ ബാങ്കുകളെയാണ് ഓര്‍ഡിനന്‍സ് ബാധിക്കുക. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 58 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.

2020-ലെ ബജറ്റില്‍ സഹകരണബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരാന്‍ പദ്ധതി രൂപീകരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ ഓര്‍ഡിനന്‍സ് ഒരു ബില്ലായി പാര്‍ലമെന്‍റിന്‍റെ ബജറ്റ് സെഷനില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാരിന് ഇത് പാസ്സാക്കിയെടുക്കാനായില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക്‌ 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. നിയന്ത്രണാധികാരം പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് പോകും.

ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും. സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്‌.

Anweshanam
www.anweshanam.com