ഗൂഗിള്‍ പേ ഒരു പേയ്മെന്‍റ് സംവിധാനമല്ല; ആര്‍ബിഐ
business

ഗൂഗിള്‍ പേ ഒരു പേയ്മെന്‍റ് സംവിധാനമല്ല; ആര്‍ബിഐ

2007 ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് ഇത് ലംഘിക്കുന്നില്ലെന്നും റിസര്‍വ്വ് ബാങ്ക് ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

By News Desk

Published on :

ന്യൂ ഡല്‍ഹി: ഗൂഗിള്‍ പേ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡറാണെന്നും, പേയ്മെന്‍റ് സംവിധാനമല്ലെന്നും റിസര്‍വ്വ് ബാങ്ക്. ഗൂഗിളിന്റെ മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ അല്ലെങ്കിൽ ജിപേ, റിസർവ് ബാങ്കിൽ നിന്ന് ആവശ്യമായ അനുമതിയില്ലാതെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നുവെന്ന് ആരോപിച്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് മിശ്ര ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാൽപര്യ ഹര്‍ജിക്ക് മറുപടിയായാണ് റിസര്‍വ്വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

പേയ്മെന്‍റ് സംവിധാനമല്ലാത്തതിനാല്‍ ഗൂഗിള്‍ പേ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) പ്രസിദ്ധീകരിച്ച അംഗീകൃത പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്‍പ്പെടുന്നില്ലെന്നും, അതിനാല്‍ 2007 ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് ഇത് ലംഘിക്കുന്നില്ലെന്നും, ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ചിനോട് ആര്‍ബിഐ വ്യക്തമാക്കി.

പേയ്‌മെന്റ് സെറ്റിൽമെന്റ് ആക്റ്റ് ലംഘിച്ച് പേയ്‌മെന്റ് സിസ്റ്റം ദാതാവായി ജിപേ പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിന്റെ സെൻട്രൽ ബാങ്കിൽ നിന്ന് ആപ്പിന് അംഗീകാരമില്ലെന്നുമായിരുന്നു അഭിജിത് മിശ്രയുടെ ആരോപണം. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി ജൂലൈ 22ന് കേസ് വീണ്ടും പരിഗണിക്കും.

Anweshanam
www.anweshanam.com