കുതിച്ചുയർന്ന് സ്വർണ വില; ഒറ്റയടിക്ക് ഉയര്‍ന്നത് 520 രൂപ
business

കുതിച്ചുയർന്ന് സ്വർണ വില; ഒറ്റയടിക്ക് ഉയര്‍ന്നത് 520 രൂപ

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2000 രൂപ കടന്നിരിക്കുകയാണ്.

Ruhasina J R

സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വര്‍ണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,800 രൂപ നല്‍കണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് കേരളത്തില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2000 രൂപ കടന്നിരിക്കുകയാണ്.ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 65 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5100 രൂപയായി ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു.

പിന്നാലെയാണ് ഇന്നത്തെ വിലവര്‍ധന. ജൂലൈ 31നാണ് 40,000 എന്ന പുതിയ ഉയരം സ്വര്‍ണവില കുറിച്ചത്. ഓഗസ്റ്റ് ഒന്നിന് 160 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുളള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

ഒരു മാസത്തിനിടെ 5000 രൂപയാണ് ഉയര്‍ന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

Anweshanam
www.anweshanam.com