
പലചരക്ക്, ഗാര്‍ഹിക സാധന സാമഗ്രികള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇനി മുതല്‍ 90 മിനിട്ടില്‍ ഡെലിവറി. പുതിയ ഡെലിവറി സംവിധാനമൊരുക്കി ഫ്ലിപ്കാര്‍ട്ട്. ഹൈപ്പര്‍ ലോക്കല്‍ സര്‍വീസ് ആയ ഫ്ലിപ്കാര്‍ട്ട് ക്വിക്ക് വഴിയാണ് പലചരക്ക് സാധനങ്ങളും സ്റ്റേഷനറി സാധനങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇ - കൊമേഴ്സ് മേഖലയില്‍ ആമസോണിനെതിരെ ശക്തമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഫ്ലിപ്കാര്‍ട്ടിന്റെ നീക്കം.
അതേ സമയം, ബംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ അതിവേഗ ഡെലിവറി സംവിധാനം ആദ്യമായി അവതരിപ്പിക്കുക. നിലവിലെ ഡെലിവറി സേവനങ്ങളെക്കാള്‍ മുന്നിലെത്താനും ആമസോണ്‍, ആലിബാബ ഗ്രൂപ്പിന്റെ ബിഗ്ബാസ്ക്കറ്റ് എന്നിവയെ പിന്തള്ളാനുമാണ് ഫ്ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം.
ആമസോണിനും ബിഗ്ബാസ്ക്കറ്റിനും നിലവില്‍ പലചരക്ക് സാധനങ്ങളുടെ ക്വിക്ക് സര്‍വീസ് ഡെലിവറികളുണ്ട്. മെട്രോ നഗരങ്ങളില്‍ എത്രയും വേഗം ഫ്ലിപ്കാര്‍ട്ട് ക്വിക്ക് സജീവമാക്കാനും പിന്നീട് മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കാനുമാണ് കമ്പനിയുടെ പദ്ധതി.