ആപ്പുകളുടെ നിരോധനം; മാതൃസ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം
business

ആപ്പുകളുടെ നിരോധനം; മാതൃസ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന് 6 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.

By News Desk

Published on :

ന്യൂ ഡല്‍ഹി: രാജ്യ സുരക്ഷയെയും അഖണ്ഡതയെയും മുന്‍ നിര്‍ത്തി ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനാല്‍ മാതൃസ്ഥാപനങ്ങള്‍ സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ടിക് ടോക്ക്, വിഗോ വീഡിയോ, ഹലോ ആപ്പ് എന്നിവയുടെ നിരോധനം അവയുടെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസിന് 6 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടാക്കിയതായാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കമ്പനി ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും, പെട്ടെന്ന് ആപ്പുകള്‍ നിരോധിക്കുമ്പോള്‍ മറ്റേതിനെക്കാളും നഷ്ടം നേരിടുന്നത് ബൈറ്റ്ഡാൻസായിരിക്കുമെന്നും, കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.

മൊബൈൽ ആപ്ലിക്കേഷൻ അനാലിസിസ് കമ്പനിയായ സെൻസർ ടവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം മെയ് മാസത്തിൽ 112 ദശലക്ഷം ഉപയോക്താക്കളാണ് ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്, ഇതോടെ ഇന്ത്യന്‍ വിപണിയില്‍ അമേരിക്കയെക്കാള്‍ ഇരട്ടി ഉപയോക്താക്കള്‍ ഈ വീഡിയോ ആപ്പിനുണ്ടെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

ഐടി ആക്ടിന്‍റെ 69 (എ) വകുപ്പ് പ്രകാരമാണ് ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഇവ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ഇതുമായി ബന്ധപ്പെട്ട് വിവിധ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഐടി മന്ത്രാലയം ആപ്പുകളുടെ നിരോധനം സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. അതേസമയം, ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു ചൈനയുടെ പ്രതികരണം. ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെ ബാധിക്കുമെന്നും ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധം വഷളാക്കുമെന്നും ചൈനീസ് എംബസി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com