മെറ്റിയര്‍ 350യുടെ അരങ്ങേറ്റം ഉടന്‍; വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്
Automobiles

മെറ്റിയര്‍ 350യുടെ അരങ്ങേറ്റം ഉടന്‍; വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Ruhasina J R

റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 വിപണിയില്‍ എത്തുന്നത്. ഏപ്രില്‍ മാസത്തില്‍ ബൈക്ക് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ മൂലം അരങ്ങേറ്റത്തില്‍ കാലതാമസമുണ്ടായി.

എന്നാല്‍ ബൈക്കിന്റെ അരങ്ങേറ്റം സംബന്ധിച്ച് കമ്പനി പുതിയ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തി. അധികം കാത്തിരിക്കേണ്ട വൈകാതെ തന്നെ ബൈക്കിനെ നിരത്തിലെത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2020 സെപ്റ്റംബര്‍ മാസത്തോടെ ബൈക്കിനെ നിരത്തിലെത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. 1.65 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ J10 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍, 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉത്പ്പന്നമായിരിക്കും. അത് പുതിയ മോഡലുകള്‍, കൂടുതല്‍ കസ്റ്റമൈസേഷന്‍, വ്യക്തിഗതമാക്കല്‍ ഓപ്ഷനുകള്‍ എന്നിവ ഉപയോഗിച്ച് കമ്പനി വികസിപ്പിക്കുകയും പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്യും.

ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് ബൈക്കിലെ ഹൈലൈറ്റ്. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് X -മായി സാമ്യമുള്ള ഡിസൈനാണ് മെറ്റിയറിന് നല്‍കിയിരിക്കുന്നത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ഇതിനുള്ളില്‍ വൃത്താകൃതിയില്‍ തന്നെ നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, റൗണ്ട് ഷേപ്പിലുള്ള ടെയില്‍ ലാമ്പ്, രണ്ടുതട്ടുകളായി നല്‍കിയിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകള്‍. ഓപ്ഷണല്‍ ആക്സസറിയായി വില്‍ഡ് ഷീല്‍ഡും നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. ബിഎസ് VI -ലേക്ക് നവീകരിച്ച 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ബൈക്കിന് കരുത്ത് നല്‍കുക.

ഈ എഞ്ചിന്‍ 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിച്ചേക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. സുഖകരമായ യാത്രയ്ക്കായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സും നല്‍കുമെന്നാണ് വിവരം. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയേക്കും. ബെനലി ഇംപീരിയാലെ 400, ജാവ 42 മോഡലുകളാകും മെറ്റിയര്‍ 350 -യുടെ വിപണിയിലെ എതിരാളികള്‍.

Anweshanam
www.anweshanam.com