സ്‌കോഡ ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹമുണ്ടോ; എങ്കിൽ ഇനിയും അവസരമുണ്ട്

കൊറോണ വൈറസ് പ്രതിസന്ധി മൂലം ചില ഉപഭോക്താക്കള്‍ ബുക്കിങ് ഉപേക്ഷിച്ചതാണ് ഇപ്പോള്‍ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
സ്‌കോഡ ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹമുണ്ടോ;  എങ്കിൽ ഇനിയും അവസരമുണ്ട്

ഈ വര്‍ഷം ആദ്യമാണ് ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ ഒക്ടാവിയ RS 245 അവതരിപ്പിച്ചത്. പെര്‍ഫോമന്‍സ് സെഡാന്‍ രാജ്യത്ത് പൂര്‍ണ്ണമായും വിറ്റുപോയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പെര്‍ഫോമെന്‍സ് മോഡലായതുകൊണ്ട് 200 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. എന്നാല്‍ ടീം ബിഎച്ച്പിയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും അവസരം ഉണ്ടെന്നാണ്.

കൊറോണ വൈറസ് പ്രതിസന്ധി മൂലം ചില ഉപഭോക്താക്കള്‍ ബുക്കിങ് ഉപേക്ഷിച്ചതാണ് ഇപ്പോള്‍ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അന്തിമ വില കമ്പനി പ്രഖ്യാപിച്ചതിന് ശേഷം ഉപയോക്താക്കള്‍ പിന്മാറിയതാകാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓണ്‍-റോഡ് വില 45.08 ലക്ഷം രൂപയാണ് (കര്‍ണാടക). ഇത് ആഡംബര കാര്‍ വിഭാഗത്തിലെ ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, ജാഗ്വാര്‍ എന്നിവയുമായി വളരെ അടുത്താണെന്നും സൂചിപ്പിക്കുന്നു. ഇതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഒക്ടാവിയ RS ബുക്ക് ചെയ്യാന്‍ സാധിക്കാതെ പോയവര്‍ക്ക് ഇതൊരവസരമാണെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു. അതേസമയം വാഹനം ബുക്ക് ചെയ്തവര്‍ക്ക് ഇതിനോടകം തന്നെ കാര്‍ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. 36 ലക്ഷം രൂപയാണ് പുതിയ ഒക്ടാവിയ RS 245 എക്സ്ഷോറൂം വില. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

ഈ എഞ്ചിന്‍ 243 bhp കരുത്തും 370 Nm torque ഉം പരമാവധി സൃഷ്ടിക്കും.ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റികാണ് ഗിയര്‍ബോക്‌സ്. വൈദ്യുത പിന്തുണയുള്ള സ്ലിപ്പ് ഡിഫറന്‍ഷ്യലും കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുന്ന മുന്‍ ആക്‌സിലും കാറിന്റെ സവിശേഷതയാണ്. ഏറ്റവും ഉയര്‍ന്ന ഒക്ടാവിയ വകഭേദത്തിലെ ഫീച്ചറുകളും സൗകര്യങ്ങളെല്ലാം RS245 മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാലി ഗ്രീന്‍, റേസ് ബ്ലൂ, കോറിഡാ റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 6.6 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 250 കിലോമീറ്ററാണ് പരമാവധി വേഗത.

No stories found.
Anweshanam അന്വേഷണം
www.anweshanam.com