വിട്ടുകൊടുക്കാൻ തയ്യാറല്ല, റോക്‌സർ ഉടച്ചുവാർത്ത് മഹീന്ദ്ര; ടീസർ ചിത്രം പുറത്ത്
Automobiles

വിട്ടുകൊടുക്കാൻ തയ്യാറല്ല, റോക്‌സർ ഉടച്ചുവാർത്ത് മഹീന്ദ്ര; ടീസർ ചിത്രം പുറത്ത്

റോക്‌സർ എസ്‌യുവിയെ പരിഷ്ക്കരിച്ച് വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

By Ruhasina J R

Published on :

റോക്‌സർ ഓഫ്-റോഡർ എസ്‌യുവിയുടെ രൂപകൽപ്പനയെച്ചൊല്ലി യുഎസിൽ മഹീന്ദ്രയും ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസും തമ്മിലുള്ള നീണ്ട നിയമ യുദ്ധം വാഹന വിപണിയിൽ വൻ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.

ഒടുവിൽ പ്രാദേശിക അസംബ്ലിക്കായി യുഎസിലേക്ക് മഹീന്ദ്ര റോക്‌സർ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നത് അന്താരാഷ്ട്ര വ്യാപാര കമ്മീഷൻ നിരോധിക്കുകയും ചെയ്‌തു. എന്നാൽ ഇതൊന്നും ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയെ തളർത്തിയില്ല എന്നതാണ് യാഥാർഥ്യം. എന്തെന്നാൽ റോക്‌സർ എസ്‌യുവിയെ പരിഷ്ക്കരിച്ച് വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതിന്റെ ഭാഗമായി വാഹനത്തിന്റെ പുതിയ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു.

റോക്‌സറിന്റെ രൂപകൽപ്പന ജീപ്പ് റാങ്‌ലറുടെ രൂപകൽപ്പനയെ അനുകരിക്കുന്നുവെന്നും അതുവഴി ജനപ്രിയ അമേരിക്കൻ ഓഫ്-റോഡറുടെ ബ്രാൻഡ് ഇമേജ് ദുർബലമാക്കുമെന്നും പ്രസ്താവിച്ചാണ് എഫ്‌സി‌എ യു‌എസ് അന്താരാഷ്ട്ര വ്യാപാര കമ്മീഷന് അപ്പീൽ നൽകിയത്. മഹീന്ദ്ര റോക്‌സറിന്റെ ആറ് ഡിസൈൻ ഘടകങ്ങൾ ജീപ്പ് റാങ്‌ലറുടെ രൂപകൽപ്പനയെ ലംഘിക്കുന്നുവെന്ന് വ്യാപാര കമ്മീഷൻ കഴിഞ്ഞ വർഷം നവംബറിൽ വിധിച്ചിരുന്നുവെങ്കിലും അതിൽ ഏഴ് സ്ലോട്ട് ഗ്രിൽ ഡിസൈൻ ഉൾപ്പെടുത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമായി.

എങ്കിലും ഈ കേസിൽ സമ്പൂർണ വിജയം നേടുന്നതിൽ എഫ്‌സി‌എ പരാജയപ്പെട്ടതിനാൽ കമ്മീഷനോട് പുനരവലോകനത്തിനായി അഭ്യർത്ഥിച്ചു. 2020 ജനുവരിയിൽ മഹീന്ദ്ര റോക്‌സറിനെ പുനർരൂപകൽപ്പന ചെയ്തെങ്കിലും 2019 നവംബറിലെ ശുപാർശകൾ ജഡ്ജി വീണ്ടും ശരിവച്ചു.

ഇന്ത്യയിലെ ഥാർ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള മഹീന്ദ്ര റോക്സറിന് അമേരിക്കൻ ഓഫ് റോഡ് പ്രേമികൾക്കിടയിൽ നല്ല പ്രശസ്തി ലഭിക്കുന്നുണ്ടെന്നതിനാൽ ഉൽ‌പന്നം വിപണിയിൽ നിലനിർത്താൻ വേണ്ട കാര്യങ്ങളാണ് ബ്രാൻഡ് ഇപ്പോൾ കൈക്കൊള്ളുന്നത്. ട്രേഡ് കമ്മീഷൻ ലംഘനങ്ങളായി കണക്കാക്കിയ ആറ് ഘടകങ്ങളെയും അഭിസംബോധന ചെയ്യുന്നതിനായി സമഗ്രമായ ഒരു പുനർരൂപകൽപ്പന പ്രക്രിയ നടപ്പിലാക്കുകയെന്നതാണ് ഇതിനർത്ഥം.

2020 ജനുവരിയിലെ മോഡലിനൊപ്പം ഏഴ് സ്ലോട്ട് ഗ്രില്ലിൽ നിന്ന് മഹീന്ദ്ര ഇതിനകം തന്നെ മോചിതനായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. പുതിയ മഹീന്ദ്ര റോക്‌സറിന്റെ മുൻവശം ഭാഗികമായി വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

അതിൽ ബമ്പറും സെക്കൻണ്ടറി എയർ-ഡാമും പുനർരൂപകൽപ്പന ചെയ്തതായി കാണാം. വീതിയിലുടനീളം പ്രവർത്തിക്കുന്ന ഒരു പ്രമുഖ സിൽവർ കൂട്ടിച്ചേർക്കലിനെക്കുറിച്ചും ടീസർ സൂചിപ്പിക്കുന്നു. പുതുക്കിയ ഹെഡ്‌ലാമ്പ്, ഗ്രിൽ എന്നിവയും മറ്റ് നിരവധി ഘടകങ്ങളും പുത്തൻ മഹീന്ദ്ര റോക്സറിൽ പ്രതീക്ഷിക്കാം.

പുതിയ മഹീന്ദ്ര റോക്‌സർ ഇതുവരെ ഉത്പാദനത്തിന് തയാറായിട്ടില്ലെന്ന് ടീസർ ചിത്രം സൂചിപ്പിക്കുന്നു. എങ്കിലും ഈ വർഷം അവസാനത്തോടെ ഈ ഓഫ് റോഡർ എസ്‌യുവി യുഎസ് വിപണിയിൽ എത്തും. ഇത്തവണ എഫ്‌സി‌എയും മഹീന്ദ്രയും തമ്മിൽ അതിന്റെ സ്റ്റൈലിംഗിൽ അഭിപ്രായവ്യത്യാസമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

65 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് മഹീന്ദ്ര റോക്‌സറിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് വാഹനം സ്വന്തമാക്കാം. 4×4, 4×2 പതിപ്പുകളും റോക്സറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രാദേശിക ഉപഭോഗത്തിനായി മിഷിഗണിൽ ഒത്തുചേരുന്ന മോഡലിന് പ്രാരംഭ വില 15,999 യുഎസ് ഡോളറാണ് അതായത് ഏകദേശം 11.98 ലക്ഷം രൂപ.

Anweshanam
www.anweshanam.com