പഴയ ബസുകള്‍ ഇനി സഞ്ചരിക്കുന്ന ശൗചാലയം; പദ്ധതി സ്ത്രീകള്‍ക്ക്

ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പഴയ ബസുകള്‍ ഇനി സഞ്ചരിക്കുന്ന ശൗചാലയം; പദ്ധതി സ്ത്രീകള്‍ക്ക്

കെഎസ്ആര്‍ടിസി സ്റ്റാഫ് സ്ലീപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന ബസ്, ഒരു കരവാനെ വെല്ലുന്ന സൗകര്യത്തോടെയാണ് നിരത്തിലെത്തിച്ചിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കര്‍ണടക ആര്‍ടിസിയും പുതിയൊരു പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പഴയ ബസ് സ്ത്രീകള്‍ക്കുള്ള സഞ്ചരിക്കുന്ന ശൗചാലയമാക്കിമാറ്റിയിരിക്കുകയാണ് കര്‍ണാടക ആര്‍ടിസി. വളരെ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന വാഹനം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. ബംഗളൂരു മജസ്റ്റിക് ബസ് സ്റ്റാന്‍ഡിലാണ് പരീക്ഷാടിസ്ഥാനത്തില്‍ നിര്‍മിച്ച ബസ് സ്ഥാപിച്ചിരിക്കുന്നത്. ബംഗളൂരു വിമാനത്താവളം അതോറിറ്റിയുടെ സാമ്പത്തിക സഹായവും പദ്ധതിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍നിന്നാണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 12 ലക്ഷം രൂപ പദ്ധതിക്കായി നല്‍കിയത്. ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സൗരോര്‍ജമുപയോഗിച്ചാണ് ബസിന്റെ പ്രവര്‍ത്തനം. ഇന്ത്യന്‍ രീതിയുള്ള മൂന്നു ക്ലോസറ്റുകളും ബസില്‍ ഒരുക്കിയിട്ടുണ്ട്. മുലയൂട്ടാനുള്ള സൗകര്യവും സാനിറ്ററി നാപ്കിനുകള്‍ സംസ്‌കരിക്കാനുള്ള ഇന്‍സിനറേറ്ററുകളും സഞ്ചരിക്കുന്ന ശൗചാലയത്തിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ പഴയ ബസുകള്‍ അടുത്ത മാസങ്ങളില്‍ സഞ്ചരിക്കുന്ന ശൗചാലയങ്ങളാക്കിമാറ്റാനാണ് അധികൃതരുടെ പദ്ധതി. സെന്‍സറുകള്‍ ഉപയോഗിച്ചാണ് വാഹനത്തിലെ ജലവിതരണം നിയന്ത്രിക്കുന്നത്.അതോടൊപ്പം തന്നെ സ്ത്രീകളുടെ സുരക്ഷയ്ക്കായി അപായ ബട്ടണും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിലെയും പരിസരത്തെയും ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ജീവനക്കാരെ നിയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ നിരവധി ആശയങ്ങള്‍ കേരള ആര്‍ടിസിയും നടപ്പാക്കന്‍ ഒരുങ്ങുകയാണ്. പഴയ കെഎസ്അര്‍ടിസി ബസുകളെ കടകളാക്കി മാറ്റിയേക്കുമെന്ന് വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.15 വര്‍ഷം കഴിഞ്ഞ, കാലഹരണപ്പെട്ട സര്‍വീസ് നടത്താന്‍ കഴിയാത്ത ബസുകളെയാണ് കെഎസ്ആര്‍ടിസി ഫ്രഷ് മാര്‍ട്ടുകളായി മാറ്റുന്നത്. രണ്ടാം ഘട്ടത്തില്‍ മൈലേജ് കുറഞ്ഞതും ഡ്രൈവിങ് ശ്രമകരമായതും സ്ഥിരമായി അറ്റകുറ്റപ്പണി വേണ്ടതുമായ ബസുകളെ സഞ്ചരിക്കുന്ന കടയാക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com