യൂറോപ്പില്‍ കാറുകള്‍ക്ക് ഓഫര്‍ പെരുമഴ
Automobiles

യൂറോപ്പില്‍ കാറുകള്‍ക്ക് ഓഫര്‍ പെരുമഴ

എല്ലാ ബ്രാൻഡുകളും വില കുറച്ചു എന്ന് മാത്രമല്ല, വായ്പ്പയ്ക്ക് പലിശയും വേണ്ട.

By Harishma Vatakkinakath

Published on :

സൂറിക്: കൊറോണ കാരണം ആകെ മാന്ദ്യമാണെങ്കിലും, ഒരു കാർ മേടിക്കാൻ ഇതിലും നല്ല കാലം യൂറോപ്പിൽ ഇനി സ്വപ്നങ്ങളിൽ മാത്രം. എടുക്കട്ടേ ഒരു കാർ പലിശയില്ലാതെ, എന്നാണ് ബ്രാൻഡ് വ്യത്യാസമില്ലാതെ എല്ലാ കാർ ഡീലർമാരും ചോദിക്കുന്നത്. പുതിയ കാർ മാത്രമല്ല, യൂസ്‌ഡ്‌ കാറുകളും സീറോ പലിശയ്ക്ക് സ്വന്തമാക്കാം.

ലഭ്യത കൂടി, ആവശ്യക്കാരില്ലാതായാൽ വില കുറയ്ക്കുകയോ, വിൽപന ആകർഷകമാക്കുകയോ ചെയ്യാതെ പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് വാഹന നിർമാതാക്കളുടെയും, ഡീലർമാരുടെയും ഓഫർ പെരുമഴ. എല്ലാ ബ്രാൻഡുകളും വില കുറച്ചു എന്ന് മാത്രമല്ല, വായ്പ്പയ്ക്ക് പലിശയും വേണ്ട. കാർ വിപണിയിലെ മാന്ദ്യം യൂസ്‌ഡ്‌ കാറുകളുടെ വിപണിയിലും സ്വാധീനിക്കുന്നത് ആദ്യമായാണ്. യൂസ്‌ഡ്‌ കാർ വിപണിയിൽ സീറോ പലിശ പതിവില്ലാത്തതാണ്.

സ്വിറ്റസർലണ്ടിൽ കഴിഞ്ഞ മാസം ആകെ 13890 പുതിയ കാറുകളാണ് രജിസ്റ്റർ ചെയ്തത്. അതെ സമയം പോയ വർഷം മെയ് മാസത്തിൽ ഇതിന്റെ നേരെ ഇരട്ടിയിലധികം പുതിയ കാറുകൾ രജിസ്റ്റർ ചെയ്തിരുന്നു. കൊറോണ കാലത്ത് വാഹന നിർമാതാക്കൾ ഉൽപാദനം മരവിപ്പിച്ചിട്ട് പോലും, കാറുകൾ സൂക്ഷിക്കാൻ ഇടമില്ലാത്ത അവസ്ഥയാണെന്ന് സ്വിസ്സിലെ പ്രമുഖ കാർ ഡീലേഴ്‌സ് ഗ്രൂപ്പായ ആമാഗിന്റെ വക്താവ് ഡിനോ ഗ്രാഫ് പറയുന്നു. പുതിയ ബാച്ച് കാറുകൾ ഉടൻ വരാനിരിക്കെ ഉള്ളവ വിറ്റഴിക്കാൻ ഏറ്റവും ആകർഷക ഓഫറുകൾ വെയ്ക്കാതെ നിവൃത്തിയില്ല. പ്യുഷോ 308 ന്യു മോഡൽ കാറിന് 6000 ഫ്രാങ്ക് വരെയാണ് ഓഫർ.

കോവിഡ് -19 പോലുള്ള ഭാവിയെക്കുറിച്ച് അനിശ്ചിതത്വമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ, പുതിയ വാഹനങ്ങൾ പോലുള്ള ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കാൻ ജനങ്ങൾ വിമുഖരാണ്‌. കൊറോണ വൈറസ് സ്വിസ്സ് ജനതയുടെ ഉപഭോക്തൃ വികാരം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു”. സ്വിസ്സ് ഫെഡറൽ സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സിന്റെ റിപ്പോർട്ടിലും പറയുന്നു.

Anweshanam
www.anweshanam.com