30.47 കി മീ മൈലേജുമായി സെലേറിയൊ സിഎൻജി
Automobiles

30.47 കി മീ മൈലേജുമായി സെലേറിയൊ സിഎൻജി

യഥാക്രമം 5.61 ലക്ഷം രൂപയും 5.68 ലക്ഷം രൂപയുമാണ് കാറിന്റെ ഷോറൂം വില

Harishma Vatakkinakath

Harishma Vatakkinakath

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന സെലേറിയൊയുടെ എസ്-സി എൻ ജി വകഭേദം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിൽപനയ്ക്കെത്തിച്ചു. 5.36 ലക്ഷം രൂപ മുതൽ 5.68 ലക്ഷം രൂപ വരെയാണ് സമ്മർദിത പ്രകൃതി വാതകത്തിൽ ഓടുന്ന സെലേറിയൊയ്ക്കു വില. ബിഎസ് 4 നിലവാരമുള്ള എൻജിൻ ഘടിപ്പിച്ച സമാന മോഡലുകളെ അപേക്ഷിച്ച് 30,000 രൂപയോളം അധികമാണ് ബി എസ് ആറ് കാറിന്റെ വില. സ്വകാര്യ വ്യക്തികൾക്ക് ഇടത്തരം വകഭേദങ്ങളായ വി എക്സ് ഐ, വി എക്സ് ഐ (ഒ) എന്നിവയാണ് സി എൻ ജി പതിപ്പായി ലഭിക്കുക; കാറിന്റെ ഷോറൂം വില യഥാക്രമം 5.61 ലക്ഷം രൂപയും 5.68 ലക്ഷം രൂപയുമാണ്. ഇതിനു പുറമെ ഫ്ളീറ്റ് ഓപ്പറേറ്റർമാർക്കായി ‘സെലേറിയൊ ടൂർ എച്ച് ടു’ എന്ന മോഡലും ലഭ്യമാണ്; 5.37 ലക്ഷം രൂപയാണു കാറിന്റെ ഷോറൂം വില.

ബിഎസ്ആറ് നിലവാരമുള്ള എൻജിൻ സഹിതം എസ് – സി എൻ ജി വകഭേദമായി വിൽപ്പനയ്ക്കെത്തുന്ന ഏഴാമതു മോഡലാണു സെലേറിയൊ എന്നും മാരുതി സുസുക്കി അറിയിച്ചു. ഓൾട്ടോ, വാഗൻ ആർ, ഈകൊ, ടൂർഎസ്, എർട്ടിഗ, സൂപ്പർ കാരി എന്നിവയ്ക്കാണ് ഇതുവരെ എസ് –സിഎൻജി പതിപ്പ് ലഭ്യമായിരുന്നത്. സി എൻ ജി കിലോഗ്രാമിന് 30.47 കിലോമീറ്ററാണ് പുതിയ സെലേറിയൊയ്ക്കു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ബിഎസ് നാല് നിലവാരമുള്ള മോഡലിനെ അപേക്ഷിച്ച് ഇന്ധനക്ഷമതയിൽ 1.29 കിലോമീറ്ററിന്റെ ഇടിവുണ്ട്.

ബി എസ് ആറ് നിലവാരമുള്ള ‘സെലേറിയൊ സി എൻ ജി’യുടെ പ്രകടനക്ഷമത സംബന്ധിച്ച കണക്കൊന്നും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. ബി എസ് നാല് നിലവാരത്തിൽ ‘സെലേറിയൊ’യിലെ ഒരു ലീറ്റർ കെ 10 പെട്രോൾ എൻജിൻ 68 ബി എച്ച് പിയോളം കരുത്തും 90 എൻ എം ടോർക്കുമാണു സൃഷ്ടിച്ചിരുന്നത്. ഇന്ധനം സി എൻ ജിയാവുന്നതോടെ പരമാവധി കരുത്ത് 59 ബി എച്ച് പിയായും ടോർക്ക് 78 എൻ എമ്മായും കുറഞ്ഞിരുന്നു. ബി എസ് ആറ് നിലവാരത്തിൽ എൻജിൻ സമാനമായ പ്രകടനക്ഷമത കാഴ്ചവയ്ക്കുമെന്നാണ പ്രതീക്ഷ.

സി എൻ ജി ഇന്ധനമാകുന്ന മോഡലുകളിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർ ബോക്സാണു ട്രാൻസ്മിഷൻ. ഡ്യുവൽ ഇന്റർഡിപ്പൻഡന്റ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ്(ഇ സി യു), ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റം എന്നിവയോടെയാണു സി എൻ ജി കാറിന്റെ വരവ്. പരിസ്ഥിതി സൗഹൃദമായ 10 ലക്ഷം കാറുകൾ വിൽക്കാൻ ലക്ഷ്യമിടുന്ന മിഷൻ ഗ്രീൻ മില്യൻ പദ്ധതി കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എസ് - സിഎൻജി ശ്രേണിയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

Anweshanam
www.anweshanam.com