കൊവിഡ് കാലത്ത് സ്വന്തമാക്കാന്‍ ഇതാ മികച്ച ഓട്ടമാറ്റിക് കാറുകൾ
Automobiles

കൊവിഡ് കാലത്ത് സ്വന്തമാക്കാന്‍ ഇതാ മികച്ച ഓട്ടമാറ്റിക് കാറുകൾ

ഡീലർഷിപ്പുകള്‍ മികച്ച ഓഫറുകള്‍ മുന്നോട്ട് വയ്ക്കുകയും, കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കാന്‍ സന്നദ്ധതയറിയിച്ച് ബാങ്കുകള്‍ മുന്നോട്ട് വരികയും ചെയ്യുന്നുണ്ട്

Harishma Vatakkinakath

Harishma Vatakkinakath

കൊവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ച് വിവിധ മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാഹന വിപണി. വില്‍പ്പന വര്‍ദ്ധിപ്പിച്ച് വിപണി പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് വാഹനിര്‍മ്മാതാക്കള്‍. ഇതിന്‍റെ ഭാഗമായി ഡീലർഷിപ്പുകള്‍ മികച്ച ഓഫറുകള്‍ മുന്നോട്ട് വയ്ക്കുകയും, കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കാന്‍ സന്നദ്ധതയറിയിച്ച് ബാങ്കുകള്‍ മുന്നോട്ട് വരികയും ചെയ്യുന്നുണ്ട്. പുത്തന്‍ വാഹനം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി മികച്ച ഇന്ധനക്ഷമതയുള്ള,എക്സ് ഷോറൂം വില 6 ലക്ഷം രൂപയിൽ താഴെയായ അഞ്ച് ചെറു ഓട്ടമാറ്റിക് കാറുകൾ ഇതാ...

റെനോ ക്വിഡ് എഎംടി

ആകര്‍ഷകമായ ലുക്ക് കൊണ്ട് ജനപ്രിയമായ കാറാണ് ക്വിഡ്. ചെറു കാര്‍ സെഗ്മെന്റില്‍ ഏറ്റവും സ്‌റ്റൈലന്‍ കാര്‍ എന്ന വിശേഷം ക്വിഡിന് സ്വന്തം. ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന് 1 ലീറ്റര്‍ എന്‍ജിനാണ്. മറ്റു കാറുകള്‍ക്കെല്ലാം ഗിയര്‍ ലിവറുണ്ടെങ്കില്‍ ക്വിഡിന് അതില്ല. ഡാഷ് ബോര്‍ഡിലെ ചെറു നോബ് തിരിച്ചാണ് ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കുന്നത്. പരമാവധി 68 പിഎസ് കുരുത്തും 91 എന്‍എം ടോര്‍ക്കുമുള്ള ഈ കാറിന് ലീറ്ററിന് 22.5 കിലോമീറ്റര്‍ വരെ ഇന്ധന ക്ഷമതയും ഉണ്ട്.  4.85 ലക്ഷം മുതല്‍ 4.93 ലക്ഷം വരെയാണ് ഇതിന്‍റെ വില. 

മാരുതി എസ്പ്രെസോ

മാരുതിയുടെ നിരയിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് എസ്പ്രെസോ . എസ്‌യുവി രൂപഗുണവുമായി എത്തിയ എസ്പ്രെസോ മാരുതിയുടെ ഏറ്റവും വിലക്കുറവുള്ള ഓട്ടമാറ്റിക് കാറുകളിലൊന്നാണ്. 998 സിസി മൂന്നു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 68 എച്ച്പി കരുത്തും 90 എൻഎം ടോർക്കും. ഇന്ധനക്ഷമത 21.7 കിലോമീറ്റർ. മൂന്നു മോഡലുകളിലായി ലഭിക്കുന്ന കാറിന്റെ വില 4.79 ലക്ഷം മുതൽ 5.02 ലക്ഷം വരെയാണ്. 

റെഡിഗോ എഎംടി

ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ എഎംടി കാറുകളിലൊന്നാണ് റെഡിഗോ. പുതിയ ലുക്കിൽ റെഡിഗോ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. സ്റ്റൈലന്‍ രൂപവും ഒതുക്കവുമാണ് റെഡിഗോയുടെ ഹൈലൈറ്റ്. മിനി ക്രോസ്ഓവര്‍ എന്നു റെഡിഗോയെ വിശേഷിപ്പിക്കുന്നതു രൂപഗുണം കൊണ്ടാണ്. 185 മി മി ഗ്രൗണ്ട് ക്ലിയറന്‍സുള്ള അധികം മിനി ഹാച്ച് ബാക്കുകളില്ല. 999 സി സി പെട്രോള്‍ എന്‍ജിന് 68 പി എസ് ശക്തിയുണ്ട്. 800 സിസി എൻജിൻ പതിപ്പുണ്ടെങ്കിലും 1 ലീറ്ററിൽ മാത്രമേ എഎംടി ഗിയർബോക്സ് നൽകിയിട്ടുള്ളു. ഒരു ഓട്ടമാറ്റിക്ക് വകഭേദമാണ് റെഡിഗോ 1 ലീറ്ററിനുള്ളത്. ഇന്ധനക്ഷമത ലീറ്ററിന് 22  കിലോമീറ്റര്‍. വില 4.80 ലക്ഷം രൂപ. 

മാരുതി സെലേരിയോ

എഎംടി ഗിയര്‍ബോക്‌സുമായി ആദ്യമെത്തിയ  സെലേറിയോ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എഎംടി വാഹനങ്ങളിലൊന്നാണ്. ഉയര്‍ന്ന മൈലേജ്, കുറഞ്ഞ സര്‍വീസ് ചാര്‍ജ്, മികച്ച ഫീച്ചറുകള്‍ എന്നിവ പ്രധാന സവിശേഷതകള്‍. ഇടയ്ക്ക് കാലികമായി മാറ്റങ്ങളുമായി കിടിലന്‍ ലുക്കിലെത്തിയത് സെലേറിയോയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. 998 സിസി എന്‍ജിനാണ് സെലേറിയോയില്‍. 68 പിഎസ് കരുത്തും 90 എന്‍എം ടോര്‍ക്കും. എഎംടിയുടെ നാല് വകഭേദങ്ങള്‍ സെലേറിയോയ്ക്കുണ്ട്. ഇന്ധന ക്ഷമത ലീറ്ററിന് 21.63 കി.മീ. വില 5.32 ലക്ഷം മുതല്‍ 5.67 ലക്ഷം വരെ.

വാഗണ്‍ ആര്‍ എഎംടി

മാരുതിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് വാഗണ്‍ആര്‍. ടോള്‍ ബോയി ആയി 1995ലാണ് വാഗണ്‍ആര്‍ വിപണിയിലെത്തുന്നത്. ഫീച്ചറുകളിലും ഡ്രൈവിലും യാത്രാസുഖത്തിലും സെഗ്മെന്റിലെ ഏറ്റവും മികച്ച കാറാണ് വാഗണ്‍ആര്‍. മൂന്നു സിലണ്ടര്‍ 998 സി സി എന്‍ജിന്‍ 68 പി എസ് ശക്തി സുഖമായി പകരുന്നു. 1.2 ലീറ്റർ എൻജിന്  83 എച്ച്പി കരുത്തും 113 എൻ‌എം ടോർക്കുമുണ്ട്. രണ്ടു എൻജിനുകളിലുമായി 5 എഎംടി  വകഭേദങ്ങളില്‍ വാഗണ്‍ആര്‍ ലഭ്യമാണ്. ഇന്ധനക്ഷമത ലീറ്ററിന് 21.79 കിലോമീറ്റര്‍. വില 5.46 ലക്ഷം രൂപ മുതല്‍ 6.04 ലക്ഷം രൂപ വരെ.

ഇന്ന് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും എഎംടിയില്‍ ഒരു കൈ പരീക്ഷിക്കുന്നുണ്ട്. ചെറു കാറുകളില്‍ തുടങ്ങി എസ് യുവികളില്‍ വരെ സാന്നിധ്യമുള്ള എഎംടി ഗിയര്‍ബോക്‌സാണ് ഇന്ത്യയില്‍ അത്ര ജനകീയമല്ലാതിരുന്ന ഓട്ടമാറ്റിക് കാറുകളെ ജനപ്രിയമാക്കിയത്. നഗര യാത്രകളിലെ ഡ്രൈവിങ് സുഖവും മാനുവല്‍ കാറുകളുടെ മൈലേജും പരിപാലന ചിലവും തന്നെയാണ് എഎംടി കാറുകളെ ഇടത്തരക്കാരുടെ വാഹനമാക്കിയത്.

Anweshanam
www.anweshanam.com