Published on Monday, 06 February 2012 04:58
മോസ്കോ: ലിബിയയിലെ റഷ്യന്‍ എംബസിക്കുനേരെ ആക്രമണം. ജനാധിപത്യ പ്രക്ഷോഭകരെ കൊന്നൊടുക്കുന്ന സിറിയക്കെതിരെ യുഎന്‍ കൊണ്ടുവന്ന ഉപരോധം റഷ്യയും ചൈനയും
വീറ്റോ ചെയ്തതിനു പിന്നാലെയാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ റഷ്യന്‍ എംബസിക്കു നേരെ ആക്രമണമുണ്ടായത്. സിറിയയിലെ വിമതരെ അനുകൂലിക്കുന്ന ലിബിയന്‍ വംശജരാണ് ആക്രമണം നടത്തിയത്. യുഎന്‍ ഉപരോധത്തെ എതിര്‍ത്ത റഷ്യയ്ക്കും ചൈനയ്ക്കും എതിരെ മുദ്രാവാക്യങ്ങളുമായെത്തിയ പ്രതിഷേധക്കാര്‍ എംബസിയിലേയ്ക്കു ഇരച്ചുകയറുകയായിരുന്നു. എംബസി മന്ദിരത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന റഷ്യന്‍ പതാക പ്രതിഷേധക്കാര്‍ അഴിച്ചുമാറ്റി. ഇതാദ്യമായല്ല റഷ്യന്‍ എംബസിക്കു സമീപം പ്രതിഷേധം നടക്കുന്നത്. എന്നാല്‍ ഇത്തവണ പ്രതിഷേധക്കാര്‍ അക്രമാസക്തരായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം, ആക്രമണത്തില്‍ എംബസി ജീവനക്കാര്‍ക്കു പരിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ലിബിയന്‍ ഭരണകൂടം, എംബസിയ്ക്കു കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.