Anweshanam

Switch to desktop Register Login

ഐലീഗ് ഫുട്ബോളിന് ഇന്നു തുടക്കം

കൊച്ചി: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐലീഗ് ഫുട്ബോളിന് ഇന്നു കൊച്ചിയില്‍ തുടക്കം. കേരളത്തിന്റെ ചിരാഗ് യുണൈറ്റഡിന്റെ ഹോം മാച്ചുകള്‍ക്കാണ് കലൂര്‍ രാജ്യാന്തര

സ്റ്റേഡിയം വേദിയാകുന്നത്. നേരത്തെ വിവാ കേരള എന്നറിയപ്പെട്ടിരുന്ന ടീമിന്റെ ഹോം മാച്ചുകള്‍ കണ്ണൂരിലായിരുന്നു നടന്നിരുന്നത്. ഇന്ത്യന്‍ ഫുട്ബോളിലെ എക്കാലത്തേയും മികച്ച ടീമുകളിലൊന്നായ ഈസ്റ് ബംഗാളാണ് ചിരാഗിന്റെ എതിരാളികള്‍. വിജയ് മല്യയുടെ കിംഗ്ഫിഷര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈസ്റ്ബംഗാള്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമമായാണ് മത്സരത്തെ കാണുന്നതെങ്കില്‍ ഒന്നാം ഡിവിഷനില്‍ നിന്ന് തരംതാഴ്ത്തപ്പെടാതിരിക്കാനുള്ള പ്രയത്നമായിരിക്കും ചിരാഗിന്റേത്. ഈസ്റ്ബാംഗാള്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തും ചിരാഗ് പതിനൊന്നാം സ്ഥാനത്തുമാണ്. ഈസ്റ്റ്ബംഗാളിന് 20 പോയിന്റും ചിരാഗിന് എട്ടു പോയിന്റുമാണുള്ളത്. ഇന്നത്തെ കളി വിജയിച്ചാല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായ സാല്‍ഗോക്കറിനൊപ്പമെത്താന്‍ ഈസ്റ്ബംഗാളിനു സാധിക്കും. കഴിഞ്ഞ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് പൂന എഫ്.സിയോടു പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തില്‍ പ്രയാഗ് യുണൈറ്റഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസമാണ് ചിരാഗിന്റെ കൈമുതല്‍. മികച്ച ഗെയിംപ്ളാനും നല്ല സ്ട്രൈക്കര്‍മാരുമുള്ള ഈസ്റ്ബംഗാള്‍ ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരു സമനിലയെങ്കിലും നേടണമെന്നതായിരിക്കും ചിരാഗിന്റെ ലക്ഷ്യം. പ്രവചനാതീതമായ ടീമാണ് ഈസ്റ്ബംഗാള്‍ എന്നതാണ് ചിരാഗിന് നേരിയ പ്രതീക്ഷയേകുന്നത്. മികച്ച പ്രതിരോധനിരയുള്ള ചിരാഗിന് ഈസ്റ്റ്ബംഗാളിന്റെ പാളിച്ചകളുള്ള പ്രതിരോധത്തില്‍ നുഴഞ്ഞു കയറാനായാലേ രക്ഷയുള്ളൂ. ഐസക് ബോക്കെ, ചാള്‍സ് ഡിസ എന്നീ വിദേശതാരങ്ങളുടെ നേതൃത്വത്തിലാണ് ചിരാഗിന്റെ പ്രതിരോധ നിര. മധ്യനിരയില്‍ ക്യാപ്റ്റന്‍ അജയനും മുന്നേറ്റത്തില്‍ ഡേവിഡ് സണ്‍ഡേയും അനില്‍കുമാറും ഫോമിലാണ്. കാണികളുടെ അസാന്നിധ്യമാണ് ചിരാഗിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. തിരുവനന്തപുരത്തു നടന്ന അഞ്ചു ഹോംമാച്ചിലും കാണികള്‍ തീരെ കുറവായിരുന്നു. അരലക്ഷം രൂപ മാത്രമാണ് തിരുവനന്തപുരത്ത് ഗേറ്റ് കളക്ഷനുണ്ടായിരുന്നത്. ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ ടോള്‍ഗേ ഒസ്വേയിലും ബല്‍ജിത് സാഹ്നിയിലുമാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷ.2004 ല്‍ ഒളിമ്പിക്സ് യോഗ്യതാ റൌണ്ടില്‍ ഒമാനെതിരേയാണ് കലൂരിലെ അവസാന രാജ്യാന്തര ഫുട്ബോള്‍ മത്സരം നടന്നത്. അന്ന് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ന്നിരുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version