ന്യൂഡല്‍ഹി: 2ജി ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ.പി.സി) അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ യാതൊന്നും തന്നെ ഇപ്പോള്‍ വെളിപ്പെടുത്താനോ പരസ്യപ്പെടുത്താനോ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. അഡ്വക്കേറ്റ് വിവേക് ഗാര്‍ഗ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് പി.എം.ഒയുടെ പി.ആര്‍.ഒ ആണ് മറുപടി നല്‍കിയത്.
അന്വേഷണ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നത് വരെ ഒരു കാര്യങ്ങളും പരസ്യപ്പെടുത്താനാകില്ല. എല്ലാ ഫയലുകളും രേഖകളും സമിതി പരിശോധിക്കുകയാണ്. പാര്‍ലമെന്റിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നിനെക്കുറിച്ചും നിയമപരമായി വിശദീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അവകാശമില്ലെന്നും പി.ആര്‍.ഓ വ്യക്തമാക്കി.
നേരത്തെ, 2ജി ഇടപാടില്‍ മന്ത്രി പി.ചിദംബരത്തെ പ്രതിക്കൂട്ടിലാക്കിയ ധനമന്ത്രാലയത്തിന്റെ കുറിപ്പിനെച്ചൊല്ലിയുള്ള വിവാദത്തിന് കാരണമായതും ഗാര്‍ഗിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിശദീകരണം ആയിരുന്നു.
2ജി ഇടപാടില്‍ ചിദംബരത്തെ പ്രതിക്കൂട്ടിലാക്കുന്ന ധനമന്ത്രാലയത്തിന്റെ കുറിപ്പ് ധനമന്ത്രി പ്രണബ് മുഖര്‍ജി 'കണ്ടിരുന്നു' എന്ന വാക്കിനെച്ചൊല്ലിയാണ് പുതിയ സംശയങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. കുറിപ്പ് വിവാദമായപ്പോള്‍ പ്രണബ് പറഞ്ഞത്, കുറിപ്പില്‍ ഉള്‍പ്പെടുത്തിയത് പശ്ചാത്തല വിവരങ്ങളും തുടര്‍ന്നുള്ള നിഗമനങ്ങളും ചില വ്യാഖ്യാനങ്ങളും മാത്രമാണെന്നും തന്റെ വക്തിപരമായ അഭിപ്രായങ്ങള്‍ ഇല്ലെന്നുമായിരുന്നു. ധനമന്ത്രി കണ്ടശേഷമാണ് കുറിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുന്നതെന്ന് മുഖവുരയില്‍ത്തന്നെ ബന്ധപ്പെട്ട ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
2ജി ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി), 'കണ്ടു' എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാന്‍ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ബന്ധപ്പെട്ട കുറിപ്പ് 'കണ്ട്, ബോദ്ധ്യപ്പെട്ട് അംഗീകരിച്ചു' എന്നാണെന്ന് നിയമമന്ത്രാലയം ജെ.പി.സിക്ക് മറുപടിയും നല്‍കി.
നിയമമന്ത്രാലയത്തിന്റെ ഈ നിലപാട് മുഖവിലയ്‌ക്കെടുക്കുമ്പോള്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രണബ് നല്‍കിയ വിശദീകരണം വസ്തുതാപരമല്ലെന്ന് വ്യാഖ്യാനിക്കപ്പെടാം. സര്‍ക്കാറിനെ ആക്രമിക്കാന്‍ പുതിയ വിവാദം പ്രതിപക്ഷത്തിന് വീണ്ടും അവസരം നല്‍കും. പ്രണബ് കുറിപ്പ് കണ്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം അത് അംഗീകരിച്ചിട്ടുമുണ്ടെന്നാണ് നിയമമന്ത്രാലയം നല്‍കിയ മറുപടിയുടെ അര്‍ഥം. 2ജി ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ പങ്ക് പുറത്തുവരണമെന്ന് പ്രണബ് ആഗ്രഹിച്ചിരുന്നുവെന്ന വ്യാഖ്യാനത്തിനും ഈ വിവാദം വഴിവച്ചേക്കാം.
ഇതിനുപുറമേ 2ജിയുമായി ബന്ധപ്പെട്ട ധനമന്ത്രാലയത്തിന്റെ വിവാദ രേഖ പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കയച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം മൂലമാണെന്ന് വ്യക്തമാക്കുന്ന പ്രണബിന്റെ കത്തും പുറത്തുവന്നിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ രേഖയായി അവശേഷിക്കുമായിരുന്ന ഈ കുറിപ്പ് പുറത്തുവന്നതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ ഓഫീസിന് തന്നെയാണെന്ന് ഇതിലൂടെ പ്രണബ് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നാണ് കുറിപ്പ് അയച്ചുകൊടുക്കുന്നതെന്നാണ് പ്രണബ് കത്തില്‍ വിശദീകരിച്ചിട്ടുള്ളത്.
2ജി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന രാജ ഉള്‍പ്പടെയുള്ളവരെ സമയത്ത് നിയന്ത്രിക്കാന്‍ നടപടിയെടുത്തില്ലെന്ന ആരോപണം പ്രധാനമന്ത്രിക്കുനേരേ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. പ്രണബ് മുമ്പ് നല്‍കിയ വിശദീകരണത്തോടെ കെട്ടടങ്ങിയ ഈ വിവാദം വീണ്ടും ശ്രദ്ധയിലേക്ക് വരുന്നത് യു.പി.എയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഗുണകരമല്ല.