Published on Monday, 06 February 2012 06:40
ന്യൂഡല്‍ഹി: എസ്-ബാന്‍ഡ് കരാര്‍ വിഷയത്തില്‍ അന്വേഷണ സമിതിക്ക് മുമ്പാകെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് പറഞ്ഞ് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി കുറ്റപ്പെടുത്തി. കരാറില്‍ ഏര്‍പ്പെട്ടതിന് ഉത്തരവാദിത്വം ബോധിപ്പിക്കേണ്ട എട്ട് ശാസ്ത്രജ്ഞര്‍ക്കും വിശദീകരണം നല്‍കാന്‍ കത്ത് നല്‍കുകയും എട്ട് പേരും മറുപടി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ അന്വേഷണ സമിതിയുടെ അധ്യക്ഷനുമായി മാധവന്‍നായര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതെല്ലാം കഴിഞ്ഞിട്ട് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്- നാരായണസ്വാമി പറഞ്ഞു. ബന്ധപ്പെട്ടവരുടെയെല്ലാം വിശദീകരണം കേട്ടതിനും ശേഷം സമിതി നിഗമനത്തില്‍ എത്തിയതിന് പിന്നാലെ ആരോപണം ഉന്നയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.എസ്-ബാന്‍ഡ് സ്‌പെക്ട്രം വിതരണത്തിന് ദേവാസ് കമ്പനിയുമായി ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കരാറില്‍ ഏര്‍പ്പെട്ടത് കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കാതെയാണെന്ന് ഇത് സംബന്ധിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാധവന്‍നായര്‍ അടക്കം എട്ട് പേര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പ്രത്യുഷ് സിന്‍ഹ അധ്യക്ഷനായ സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തരിക്കുകയാണ്.