Published on Thursday, 02 February 2012 07:06
ബംഗളുരു: സര്‍ക്കാര്‍ പദവികളില്‍നിന്നു വിലക്കപ്പെട്ട നടപടിയില്‍ തങ്ങള്‍ ദുഃഖിതരാണെന്ന് ഐ.എസ്.ആര്‍.ഒ. മുന്‍ ശാസ്‌ത്ര സെക്രട്ടറി എ. ഭാസ്‌കരനാരായണ.
ആന്‍ട്രിക്‌സ്-ദേവാസ് ഇടപാട് വിവാദമായതിനേത്തുടര്‍ന്നു ഐ.എസ്.ആര്‍.ഒ. മുന്‍മേധാവി ജി. മാധവന്‍നായര്‍, എ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് എം.ഡിയായിരുന്ന കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ ഡയറക്‌ടറായിരുന്ന കെ.എന്‍. ശങ്കര എന്നിവര്‍ക്കു സര്‍ക്കാര്‍ പദവികളില്‍നിന്നു വിലക്കേര്‍പ്പെടുത്തിയിരുന്നു. 'സര്‍ക്കാര്‍ നടപടിയില്‍ ഞങ്ങള്‍ ദുഃഖിതരാണ്. 37 വര്‍ഷത്തോളം ഞായറാഴ്‌ചകളിലുള്‍പ്പെടെ ദിവസേന കുറഞ്ഞത് പത്തുമണിക്കൂറെങ്കിലും ജോലിചെയ്‌തിട്ടുണ്ട്. അവസാനം സര്‍ക്കാര്‍ നടപടികളില്‍നിന്നു വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസും ലഭിച്ചു'-ഭാസ്‌കരനാരായണ പറഞ്ഞു. നിലവില്‍ താന്‍ സര്‍ക്കാര്‍ പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും ഇതോടെ സമൂഹത്തിലുള്ള വിലയെന്താകുമെന്നും അദ്ദേഹം ചോദിച്ചു.ആശങ്ക മൂലം രാത്രി ഉറക്കമില്ലാത്ത അവസ്‌ഥയിലാണ്. നടപടിക്കു പിന്നില്‍ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു പറയാനാവില്ലെന്നും തങ്ങള്‍ക്കു ജോലിചെയ്യാന്‍ മാത്രമേ അറിയൂ, രാഷ്‌ട്രീയം വശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒയില്‍നിന്നു വിരമിച്ചശേഷം തുടര്‍ന്നുപോന്നിരുന്ന വിസിറ്റിംഗ് പ്രഫസര്‍ സ്‌ഥാനം, മാധവന്‍നായര്‍ ചെയര്‍മാന്‍ സ്‌ഥാനത്തുനിന്നു മാറിയതോടെ ഭാസ്‌കരനാരായണ ഒഴിഞ്ഞിരുന്നു. ഇതിനു പിന്നില്‍ വ്യക്‌തിപരമായ കാരണങ്ങള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം വ്യക്‌തമാക്കി.