ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പൂനയിലെ വിവാദ വ്യവസായി ഹസന്‍ അലി
ഖാന്റെയും കോല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ കൂട്ടാളി കാശിനാഥ് തപൂരിയയുടെയും അമ്പതു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. മുംബൈ, പൂന, ഡല്‍ഹി എന്നിവിടങ്ങളിലുള്‍പ്പെടെ ഇരുവര്‍ക്കുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസ് അടുത്തിടെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കണ്ടുകെട്ടാന്‍ തയാറാക്കിയിരിക്കുന്ന പട്ടികയില്‍ അലിയുടെ ഇറക്കുമതി ചെയ്ത മെഴ്സിഡിസ് ബെന്‍സ്, പോര്‍ഷെ കാറുകള്‍, പൂനയിലെ സമ്പന്നര്‍ വസിക്കുന്ന കൊറെഗാവ് പാര്‍ക്ക് മേഖലയിലെ ഫ്ളാറ്റ്, മുംബൈയിലെ ഫ്ളാറ്റ്, ഡല്‍ഹിയിലെ പൃഥ്വിരാജ് റോഡിലെ തപൂരിയയുടെ ഫ്ളാറ്റ് എന്നിവ ഉള്‍പ്പെടുന്നു. 62,000 കോടി രൂപയുടെ നികുതി കുടിശികയാണ് അലിയുടെ പേരിലുള്ളത്. അലിയും തപൂരിയയും 89,000 കോടി രൂപ നികുതി കുടിശിക അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷമാദ്യമാണ് അലിയെയും തപൂരിയയെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റു ചെയ്തത്. ജുഡീഷല്‍ കസ്റഡിയിലുള്ള ഇരുവരെയും ഇപ്പോള്‍ മുംബൈയിലെ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.