Anweshanam

Switch to desktop Register Login

ഈ അടുത്ത കാലത്ത്‌

വിഷ്‌ണു. സമൂഹത്തിലെ ഇരുണ്‌ട ഇടനാഴികളില്‍ ഓരോ ദിവസവും ജീവിതത്തോട്‌ നേര്‍ക്കുനേര്‍ പൊരുതി

മുന്നേറുന്ന ചെറുപ്പക്കാരന്‍. ആക്രിസാധനങ്ങള്‍ ശേഖരിച്ച്‌ അതില്‍ നിന്ന്‌ മറ്റു വസ്‌തുക്കള്‍ നിര്‍മ്മിച്ച്‌ വിറ്റ്‌ ഉപജീവനം നടത്തുന്ന വിഷ്‌ണുവിന്‌ ഭാര്യ രമണിയും രണ്‌ട്‌ പെണ്‍കുട്ടികളുമുണ്‌ട്‌.

എപ്പോഴും കാണുന്ന, എന്നാല്‍ ആരും കാണാതെ പോകുന്ന ഇവരുടെ ജീവിതത്തെ പ്രതിനിധീകരിച്ച്‌ അരുണ്‍കുമാര്‍ അരവിന്ദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഈ അടുത്തകാലത്ത്‌.

വിഷ്‌ണുവിന്റേയും രമണിയുടേയും ജീവിതത്തിലേയ്‌ക്ക്‌ അവരുടെ ലോകത്തിനു പുറത്തുള്ള അഞ്ചുപേര്‍ കടന്നു വരുന്നു. ഓരോരോ സാഹചര്യങ്ങളില്‍ കഴിയുന്ന ഈ അഞ്ചുപേര്‍ക്കും അവരുടേതായ ഒരു ലോകമുണ്‌ട്‌. ഇവര്‍ ഓരോരുത്തരും മറ്റു ലോകത്തു കഴിയുന്നവരേക്കുറിച്ച്‌ ചിന്തിക്കുകയോ കാണുകയോ ചെയ്യുന്നില്ല. കാണുന്നില്ലെന്ന്‌ പറയാന്‍ കഴിയില്ല. പക്ഷേ തിരിച്ചറിയുന്നില്ല എന്നതാണ്‌ സത്യം.

വിധിയുടെ വിളയാട്ടത്തില്‍ ഇവര്‍ കൂട്ടിമുട്ടുന്നു.

നഗരത്തിലെ സിറ്റിപോലീസ്‌ കമ്മീഷണര്‍ ടോംചെറിയാന്‍, വന്‍കിട ഹോസ്‌പിറ്റലിലെ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ.അജയ്‌കുര്യന്‍, അജയ്‌കുര്യന്റെ ഭാര്യ മാധുരി കുര്യന്‍, വീഡിയോ ജോക്കിയായ രൂപ, നോര്‍ത്ത്‌ ഇന്ത്യാക്കാരനായ റൂസ്‌ താം ഇവരിലൂടെ കണ്‌ടിട്ടും കാണാത്ത ചില യാഥാര്‍ത്ഥ്യങ്ങള്‍ ദൃശ്യവല്‍ക്കരിക്കുകയാണ്‌ ഈ സിനിമ.

കാഴ്‌ച്ചയില്‍ പരുക്കനും ഉള്ളില്‍ സ്‌നേഹവുമുള്ള വിഷ്‌ണുവായി ഇന്ദ്രജിത്ത്‌ എത്തുമ്പോള്‍ ഭാര്യ രമണിയായി മൈഥിലി അഭിനയിക്കുന്നു. അനൂപ്‌മേനോന്‍, മുരളിഗോപി, നിഷാന്‍ തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും മുരളിഗോപി എഴുതുന്നു.

ജഗതി, സുരാജ്‌, ബൈജു, മണികണ്‌ഠന്‍, ദിനേശ്‌, കലാഭവന്‍ഹനീഫ്‌, തനുശ്രീഘോഷ്‌, ലെന, അനിത, ശാന്തകുമാരി തുടങ്ങിയവരും അഭിനയിക്കുന്നു.

രാഗം മൂവീസിന്റെ ബാനറില്‍ രാജുമല്യത്ത്‌ നിര്‍മ്മിക്കുന്ന ഈ അടുത്തകാലത്ത്‌ എന്ന ചിത്രത്തിന്റെ കാമറ ഷഹനാദ്‌ ജലാല്‍ നിര്‍വഹിക്കുന്നു. ഗോപിസുന്ദറാണ്‌ സംഗീതം പകരുന്നത്‌. സംവിധായകന്‍ അരുണ്‍കുമാര്‍അരവിന്ദ്‌ തന്നെയാണ്‌ ചിത്രത്തിന്റെ എഡിറ്റര്‍.സെഞ്ച്വറി ഫിലിംസ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

എ.എസ്‌.ദിനേശ്‌

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version