Published on Thursday, 22 December 2011 07:20
മൊബൈല്‍ ഫോണിന്റെ അതിപ്രസരത്താല്‍ യുവതലമുറയുടെ ഉറക്കം നഷ്‌ടപ്പെട്ടിട്ട്
നാളുകളേറെയായി. ചാറ്റിംഗിനും കോളിംഗിനും എസ്‌എംഎസിനുമായി ഉറക്കം പോലും ഉപേക്ഷിച്ച് മണിക്കൂറുകളോളം മൊബൈലുമായി കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രാത്രിയില്‍ ഉറക്കത്തിനിടെ മൊബൈലില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുകയും പിറ്റേന്ന് അതേപ്പറ്റി ഓര്‍മയില്‍ നില്‍ക്കുകയും ചെയ്യാത്തവര്‍ സൂക്ഷിക്കുക. നിങ്ങള്‍ 'സ്ലീപ് ടെക്‌സ്റ്റിംഗ്' എന്ന മാനസിക അടിമത്തത്തിന്റെ പിടിയിലാണ്.
മൊബൈലിന്റെ അമിത ഉപയോഗം യുവമനസുകളുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കൗമാരക്കാരുടെചിന്താമണ്ഡലത്തെ മുരടിപ്പിച്ച് സ്വസ്‌ഥമായ ഉറക്കം പോലും കെടുത്തിക്കളയുന്ന ഇവ മാരകമായ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നു. ഉറക്കത്തിനിടെ ടൈപ്പ് ചെയ്യുന്ന മെസേജുകളില്‍ എന്താണുള്ളത് എന്നുപോലും രാവിലെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. പാതി മയക്കത്തില്‍ കാട്ടിക്കൂട്ടുന്ന മെസേജുകള്‍ മറ്റു പലര്‍ക്കുമാണ് പലപ്പോഴും കിട്ടുന്നത് എന്നതാണ് രസം. ഇത് മാനസിക അടിമത്തത്തിന്റെ ലക്ഷണമാണെന്നാണ് സൈക്കോളജിസ്‌റ്റായ സീമ ഹിന്‍ഗോരാനി പറയുന്നത്. സമ്മര്‍ദം കൂടിയ ജീവിതം നയിക്കുന്നവര്‍ കൂടുതലായി എസ്‌എംഎസ് അയക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നു. ഇവര്‍ക്കാണ് സുഖകരമായ ഉറക്കം നഷ്‌ടമാകുന്നത്. എന്നാല്‍ ഇത് പൊതുവായി കണ്ടുവരുന്ന ഒന്നല്ല.