Category: News Published on Thursday, 03 November 2011 11:55
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ ഡി.എം.കെ. എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക കോടതി തള്ളി. കേസിന്റെ വിചാരണ നവംബര്‍ 11ന് തുടങ്ങുമെന്നും പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനി പറഞ്ഞു. ജയിലില്‍ കിടന്നുതന്നെ ഇവര്‍ വിചാരണ നേരിടട്ടെ എന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീ എന്ന നിലയില്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന കനിമൊഴിയുടെ വാദം കോടതി അംഗീകരിച്ചില്ല. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്കു മാത്രമേ നിയമത്തിന്റെ ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. സമുഹത്തിന്റെ ഉന്നതശ്രേണിയില്‍ കഴിയുന്ന ആളും രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളതുമായ പ്രതിക്ക് അത്തരത്തില്‍ ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിന് ഇനി ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കണം.
കനിമൊഴിയുള്‍പ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. കലൈജ്‌ഞര്‍ ടി.വി എം.ഡി ശരത്‌കുമാര്‍, അസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, ബോളിവുഡ് നിര്‍മ്മാതാണ് കരീം മൊറാനി എന്നിവര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു. അതിനാല്‍തന്നെ ഇവരുടെ ജാമ്യാപേക്ഷയില്‍ ഇന്നു തീര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഐ.പി.സി 120ബി പ്രകാരം ക്രിമിനല്‍ ഗൂഡാലോചനയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അഞ്ചു വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റം മാത്രമാണിതെന്നും സി.ബി.ഐ കോടതിയില്‍ അറിയിച്ചിരുന്നു.
അതേസമയം, മുന്‍ ടെലികോംമന്ത്രി എ.രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ ചന്ദോലിയ, റിലയന്‍സ്-എഡിഎജി ഗ്രൂപ്പ് എം.ഡി ഗൗതം ദോഷി, റിലയന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ്, സുരേന്ദ്ര പിപര, ഹരി നായര്‍, സഞ്‌ജയ് ചന്ദ്ര, വിനോദ് ഗോയെങ്ക, ഷാഹിദ് ബല്‍വ എന്നിവരുടെ ജാമയാപേക്ഷയെ സി.ബി.ഐ എതിര്‍ത്തിരുന്നു.
അഴിമതി നിരോധന നിയമപ്രകാരമായിരുന്നു കനിമൊഴിക്കെതിരെ കുറ്റപത്രം നല്‍കിയത്. സിബിഐ രണ്ടാമത് നല്‍കിയ കുറ്റപത്രത്തിലാണ് കനിമൊഴിയെ പ്രതിയായി ചേര്‍ത്തത്. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ഡി. ബി.റിയല്‍റ്റി എന്ന സ്ഥാപനത്തില്‍ നിന്ന് കലൈഞ്ജര്‍ ടി. വി.ക്ക് 200 കോടി രൂപ കൈമാറിയെന്ന കേസില്‍ അറസ്റ്റിലായ കനിമൊഴി മെയ് 20 മുതല്‍ തിഹാര്‍ ജയിലിലാണ്.