Anweshanam

Switch to desktop Register Login

Articles

ടാക്സി വിളിക്കുന്നവര്‍ ഫോണ്‍നമ്പറും അഡ്രസും നല്‍കണം

തൃശൂര്‍: ദൂരയാത്രയ്ക്കു വാഹനം വാടകയ്ക്കു വിളിച്ചു പോകുന്നവരുടെ അഡ്രസും മൊബൈല്‍

ഫോണ്‍ നമ്പറും വാങ്ങി അടുത്തുള്ള പോലീസ് സ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ ഏല്പിക്കണമെന്ന് ഐജി ബി. സന്ധ്യ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ പോലീസ് സ്റേഷനിലേക്കും ടാക്സി ഡ്രൈവര്‍മാര്‍ക്കും ഏജന്‍സികള്‍ക്കും നല്കും. കഴിഞ്ഞദിവസം താണിപ്പാടം സ്വദേശി അനൂപിന്റെ വാഹനം വാടകയ്ക്കു വിളിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുമുമ്പും ഇത്തരത്തില്‍ ടാക് സികള്‍ വിളിച്ചു കൊണ്ടുപോയി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതാവര്‍ത്തിക്കുന്നതിനാലാണ് മുന്‍കരുതലെന്ന നിലയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഇത്തരത്തില്‍ നിര്‍ദേശം നല്കിയത്. ദൂരയാത്രയ്ക്കു വിളിച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എന്തെങ്കിലും സംഭവിച്ചാലും വാഹനം നഷ്ടപ്പെട്ടാലും ആരാണു കൊണ്ടുപോയതെന്നറിഞ്ഞാല്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാവുന്ന സാഹചര്യമുണ്ടാകും. കൂടാതെ, ഇത്തരത്തില്‍ മുന്‍കരുതലെടുത്താന്‍ അക്രമങ്ങള്‍ കുറയുകയും ചെയ്യും.കഴിഞ്ഞദിവസം കൊലചെയ്യപ്പെട്ട അനൂപിനെ ഏജന്‍സി മുഖേനയാണ് വാടകയ്ക്കു വിളിച്ചത്. വാടകയ്ക്കു വിളിച്ചവര്‍ ആരാണെന്ന് ഏജന്‍സിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അറിയാത്ത സ്ഥിതിയാണ്. പുലര്‍ച്ചെ മൂന്നരയ്ക്ക് വാടകക്കാരെ ലോഡ്ജില്‍ ചെന്നു കയറ്റിക്കൊണ്ടു വരുന്ന വഴിക്കു ദേശീയപാതയില്‍ പുതുക്കാടു ഭാഗത്തു വച്ചാണ് കൊലപ്പെടുത്തി കുതിരാന്‍ കാട്ടില്‍ തള്ളിയത്. വാഹനം തട്ടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ അതിദാരുണമായ കൊലപാതകം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version