Category: News Published on Saturday, 05 November 2011 05:40
2
ആതന്‍സ്: ഗ്രീസില്‍ പ്രധാനമന്ത്രി ജോര്‍ജ് പാപന്ദ്ര്യു വിശ്വാസവോട്ട് നേടി. രാജ്യത്ത് നിലനില്‍ക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
വാഗ്ദാനം ചെയ്ത 17,800 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് സ്വീകരിക്കണമോ എന്ന് തീരുമാനിക്കാനായി പ്രഖ്യാപിച്ച ഹിതപരിശോധന അവസാന നിമിഷം വേണ്ടെന്നു വെച്ചാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പാപന്ദ്ര്യു തീരുമാനിച്ചത്.
മന്ത്രിസഭ നിലംപതിക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് പ്രധാനമന്ത്രി അനുരഞ്ജനത്തിനു വഴി തുറന്ന് ഹിതപരിശോധന ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പ്രതിസന്ധി ഒഴിവാക്കാന്‍ ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. സ്ഥാനമൊഴിയാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.
കടം കുതിച്ചുയരുകയും ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരെ ജനരോഷമുയരുകയും ചെയ്ത് ഗ്രീസ് കനത്ത പ്രതിസന്ധിയിലകപ്പെട്ട പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ സഹായ പാക്കേജ് പ്രഖ്യാപിച്ചത്. ഗ്രീസിന്റെ കടത്തിന്റെ 50 ശതമാനം എഴുതിത്തള്ളുമെന്ന് സ്വാകാര്യ ബാങ്കുകള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഇതിന് പകരമായി വേതനം വെട്ടിച്ചുരുക്കല്‍, സിവില്‍ സര്‍വീസുകാരുടെ എണ്ണം കുറയ്ക്കല്‍ തുടങ്ങിയ നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം.