തിരുവനന്തപുരം : പാലക്കാട് വില്‍പ്പന നികുതി അസിസ്റ്റന്‍റ് കമ്മിഷണര്‍ എ.എ. അബ്ദുള്ളയെ സസ്പെന്‍ഡ് ചെയ്തു. ലോട്ടറി കമ്പനികളില്‍ നിന്നു നികുതി പിരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു നടപടിയെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. ലോട്ടറി ഏജന്‍സിയായ മേഘ
ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നു പിഴ ഈടാക്കുന്നതിലാണു വീഴ്ച വരുത്തിയത്. വില്‍പ്പന സംബന്ധിച്ചു കൃത്യമായ സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കാത്തതാണു പിഴയ്ക്കു കാരണം. ഇതു സംബന്ധിച്ച അന്വേഷണം തുടരും. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് വില്‍ക്കുന്ന സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ നിയമവിധേയമാണോ എന്നറിയാന്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കാന്‍ അതാതു സര്‍ക്കാരുകള്‍ക്കു കത്തു നല്‍കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
അന്യ സംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങളിലെ വൈരുധ്യവും സുപ്രീം കോടതി ഉത്തരവിലെ വ്യത്യസ്തതയും ആണ് ലോട്ടറി പ്രശ്നത്തിനു കാരണം. ഇത് ഒഴിവാക്കാന്‍ കേന്ദ്രം ഇടപെടണമെന്നും മന്ത്രി പറഞ്ഞു