Anweshanam

Switch to desktop Register Login

Home

രാജ്യവ്യാപകമായി പ്രതിഷേധം

petrol 307-310ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ചതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം. യു.പി.എ. സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതാവ് മമതാബാനര്‍ജി മന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയത് കേന്ദ്രസര്‍ക്കാറിനെ കടുത്ത സമ്മര്‍ദത്തിലാക്കി. തൃണമൂലിന് പുറമേ എന്‍.സി.പി.യും നാഷണല്‍ കോണ്‍ഫറന്‍സും വിലകൂട്ടിയ നടപടിക്കെതിരെ രംഗത്തെത്തി. ഇതോടെ ഭാഗികമായെങ്കിലും വിലവര്‍ധന പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കി.

ജി-20 ഉച്ചകോടി കഴിഞ്ഞ് ശനിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തിരിച്ചെത്തിയാലുടനെ ചേരുന്ന യോഗത്തില്‍ വിലവര്‍ധന ഭാഗികമായി പിന്‍വലിക്കാനുള്ള തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോളിന് വിലകൂടുന്നത് രാജ്യത്ത് വിലക്കയറ്റത്തെ ബാധിക്കുമെന്നതില്‍ സംശയമില്ലെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പ്രതികരിച്ചു. എന്നാല്‍, വില കൂട്ടിയതിന് സര്‍ക്കാറിനെ പഴിക്കാനാവില്ലെന്നും പെട്രോളിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മമതാബാനര്‍ജി പ്രകടിപ്പിച്ച ആശങ്ക പ്രധാനമന്ത്രിയെയും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയെയും അറിയിക്കുമെന്ന് കേന്ദ്രവാണിജ്യമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.

ഭക്ഷ്യവിലസൂചിക ഒമ്പതുമാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ അതേദിവസം പെട്രോളിന് വിലവര്‍ധിപ്പിച്ചതിനെ ബി.ജെ.പി. പരിഹസിച്ചു. സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരില്ലെങ്കിലും പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യവ്യാപകപ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ ഇടതുപക്ഷം സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടു.

എന്നാല്‍, വിലക്കയറ്റം അനിവാര്യമാണെന്നായിരുന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ്. ബൂട്ടോല പറഞ്ഞത്. അതേസമയം, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിലവര്‍ധനയുടെ തോത് കുറയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. വിലക്കയറ്റത്തില്‍ കോണ്‍ഗ്രസ്സിന് കടുത്ത ആശങ്കയുണ്ടെന്നാണ് പാര്‍ട്ടിവക്താവ് അഭിഷേക് മനു സിംഘ്‌വി പറഞ്ഞത്. വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ക്കാറിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

വിലക്കയറ്റം നിയന്ത്രിക്കുക മാത്രമല്ല, സാധാരണക്കാര്‍ക്ക് ആശ്വാസം പകരാന്‍ വേണ്ട മറ്റ് നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ- അദ്ദേഹം വ്യക്തമാക്കി. അതേസമയം, പെട്രോള്‍ വിലവര്‍ധന ഭാഗികമായി കുറയ്ക്കാന്‍ തത്ത്വത്തില്‍ തീരുമാനമായതായി ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചന നല്‍കി. സഖ്യകക്ഷികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികളുമായും ഇത് സംബന്ധിച്ച് അനൗദ്യോഗികചര്‍ച്ചകള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍ വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു മന്ത്രിമാരെ പിന്‍വലിക്കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവു മമതാ ബാനര്‍ജി മുന്നറിയിപ്പു നല്കി. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ ഭാരവാഹികളുടെ യോഗത്തില്‍ മമതാബാനര്‍ജി കടുത്ത നിലപാടാണ് കൈക്കൊണ്ടത്.


പക്ഷേ, പ്രധാനമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചുവന്ന് ചര്‍ച്ച നടക്കുന്നതുവരെ കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്'' - മമത പറഞ്ഞു. യു.പി.എ. സഖ്യകക്ഷികളായ, ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി.യും ജമ്മുകശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധം അറിയിച്ചു. വിലവര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരുടെ ദുരിതത്തെക്കുറിച്ച് ഒരു ബോധവുമില്ലാതെ സര്‍ക്കാര്‍ നിര്‍വികാരമായി വില കൂട്ടുകയാണെന്ന് ബി.ജെ.പി. നേതാവ് യശ്വന്ത്‌സിന്‍ഹ കുറ്റപ്പെടുത്തി. രാജ്യത്തെ പെട്രോളിയം വിപണിയെ അന്താരാഷ്ട്രവിപണിക്ക് തുറന്നുകൊടുത്ത സര്‍ക്കാര്‍ നടപടിയാണ് വിലക്കയറ്റത്തിന് പ്രധാനകാരണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ ആരോപിച്ചു. ഒരിക്കലും നീതീകരിക്കാനാവാത്ത ഈ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അറിയിച്ചു.

 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version